ഇസ്ലാമാബാദ്: ഏകദിന ലോകകപ്പ് 2023-ലെ നിരാശയ്‌ക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് പാകിസ്ഥാന്‍ (Pakistan Cricket Team) വീണ്ടും കളത്തിലേക്ക് എത്തുന്നത്. അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടന്ന ലോകകപ്പിനായി ഫേവറേറ്റുകളായി എത്തിയെങ്കിലും സെമിയിലക്ക് എത്താന്‍ ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇതോടെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ബാബറിന്‍റെ പിന്‍ഗാമിയായി ടെസ്റ്റ് ടീമിന്‍റെ ചുമതലയേറ്റ ഷാൻ മസൂദിന് കീഴിലാണ് പാകിസ്ഥാന്‍ ഓസീസിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്.
ഇപ്പോഴിതാ പര്യടനത്തിനിടെ കളിക്കളത്തില്‍ ഉറുദു സംസാരിക്കുന്നത് തങ്ങള്‍ പരമാവധി ഒഴിവാക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ്. ഓസീസ് ടീമിലെ ഉസ്‌മാൻ ഖവാജയുടെ സാന്നിധ്യമാണ് തന്ത്രങ്ങള്‍ കൈമാറുന്നതിനായി ഉറുദു ഉപയോഗിക്കുന്നതില്‍ പാക് ടീമിന് തിരിച്ചടി. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് ഖവാജ ജനിച്ചത്. (Shan Masood on Usman Khawaja Urdu)
ഖവാജയ്‌ക്ക് ഉറുദു നന്നായി അറിയാമെന്നും ഓസീസ് നേരത്തെ പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കാന്‍ എത്തിയപ്പോള്‍ തങ്ങളുടെ രഹസ്യങ്ങള്‍ ചോർത്തിയത് താരമായിരുന്നു എന്നുമാണ് ഷാന്‍ മസൂദ് പറയുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ മസൂദ് പറഞ്ഞതിങ്ങിനെ...
"കറാച്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തിനിടെ അദ്ദേഹം ഞങ്ങളുടെ തന്ത്രങ്ങൾ ചോർത്തിയിരുന്നു. അതോടെ ഞങ്ങൾ കൂടുതൽ ജാഗ്രത പുലർത്താന്‍ തുടങ്ങി. ഞങ്ങളുടെ തന്ത്രങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ അദ്ദേഹത്തിന് മുന്നിൽ ഉറുദു ഭാഷയിൽ പദ്ധതികൾ ചർച്ച ചെയ്യില്ല. ഇനി ചര്‍ച്ച ചെയ്യുകയാണെങ്കില്‍ തന്നെ അദ്ദേഹം അടുത്തില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും" ഷാന്‍ മസൂദ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മൂന്ന് ടെസ്റ്റുകളാണ് പാകിസ്ഥാന്‍ കളിക്കുന്നത്. പെര്‍ത്തില്‍ ഡിസംബര്‍ 14 മുതല്‍ 18 വരെയാണ് ആദ്യ െടസ്റ്റ് നടക്കുക. 26 മുതല്‍ 30 വരെ മെല്‍ബണില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലാണ് അവസാന ടെസ്റ്റ് (Pakistan vs Australia). കഴിഞ്ഞ 30 വര്‍ഷക്കാലമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
ALSO READ: ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയർ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി (Pakistan squad for Australia Tests).