കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലുള്ള മത്സരം മഴയെടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയും പാകിസ്ഥാന്‍റെ പേസ് നിരയും തമ്മിലുള്ള പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞു. മത്സരത്തില്‍ ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം ദുരന്തമായിരുന്നു.
വെറും 66 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളായിരുന്നു ടീമിന് നഷ്‌ടമായത്. പിന്നീട് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിക്കളിച്ചതോടെയാണ് 48.5 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിന് എത്താന്‍ കഴിഞ്ഞത്. പാകിസ്ഥാന്‍റെ പേസ് ത്രയമായ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരായിരുന്നു ഇന്ത്യയെ എറിഞ്ഞ് പിടിച്ചത്.
ഇന്ത്യയുടെ 10 വിക്കറ്റുകളും മൂവരും ചേര്‍ന്ന് പങ്കിടുകയും ചെയ്‌തു. ഇതോടെ ഏഷ്യ കപ്പിലെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പാക് പേസ് നിര. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും പേസര്‍മാര്‍ സ്വന്തമാക്കുന്നത് (Pakistan Script Unique Asia Cup Record) .
ഷഹീന്‍ അഫ്രീദി (Shaheen Afridi) ഇന്ത്യയുടെ നാല് വിക്കറ്റുകളായിരുന്നു സ്വന്തമാക്കിയത്. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു താരത്തിന്‍റെ ഇരകളായത്. രോഹിത്തും കോലിയും ബൗള്‍ഡായാണ് പുറത്തായത്. ഇതാദ്യമായാണ് ഒരു ഒന്നിങ്‌സില്‍ ഇരു താരങ്ങളെയും ഒരു പേസര്‍ ബൗള്‍ഡാക്കുന്നത്.
മറ്റ് പേസര്‍മാരായ ഹാരിസ് റൗഫ് (Haris Rauf), നസീം ഷാ (Naseem Shah) എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. തുടക്കം താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ഹാരിസ് പിന്നീടാണ് മികവിലേക്ക് ഉയര്‍ന്നത്. ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെയായിരുന്നു താരം മടക്കിയത്. ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവരെയായിരുന്നു നസീം തിരിച്ച് കയറ്റിയത്.
അതേസമയം ഇന്ത്യയുടെ ഇന്നിങ്‌സില്‍ പലകുറി വില്ലനായെത്തിയ മഴ പാകിസ്ഥാനെ ബാറ്റുചെയ്യാന്‍ അനുവദിച്ചില്ല. ഇതോടെ മാച്ച് ഒഫീഷ്യല്‍സ് മത്സരം റദ്ദാക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവച്ചു. ഇത് പാകിസ്ഥാന് സൂപ്പര്‍ ഫോറിലേക്കുള്ള വഴി തുറക്കുകയും ചെയ്‌തു. അടുത്ത മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാം.