ന്യൂഡൽഹി: ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് തുടങ്ങിയ മത്സരങ്ങളുടെ വേദിയെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം തുടങ്ങിയിട്ട് നാളുകളേറെയായി. ഏഷ്യ കപ്പിന്‍റെ വേദി പാകിസ്ഥാനിലാണെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയും, ഇന്ത്യ ഏഷ്യ കപ്പിനെത്തിയില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരുന്നു. പിന്നാലെ പാകിസ്ഥാൻ വേദിയാകുന്ന ഏഷ്യ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്‌പക്ഷമായൊരു വേദിയിൽ നടത്താൻ തീരുമാനിക്കുകയും ബിസിസിഐ അതിന് സമ്മതം മൂളുകയും ചെയ്‌തിരുന്നു.
ഇപ്പോൾ ഏഷ്യ കപ്പ് നിഷ്‌പക്ഷ വേദിയിൽ നടത്തുകയാണെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാന്‍റെ മത്സരവും അത്തരത്തിൽ നിഷ്‌പക്ഷ വേദിയിൽ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇക്കാര്യം കഴിഞ്ഞയാഴ്‌ച നടന്ന ഐസിസി യോഗങ്ങളിൽ പാകിസ്ഥാൻ ചർച്ച ചെയ്‌തതായാണ് വിവരം. എന്നാൽ ഇത് ഒരു സാധ്യത മാത്രമാണെന്നും വിഷയത്തിൽ ഔപചാരിക ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പിസിബി വ്യക്‌തമാക്കി.
അതേസമയം ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കാതിരുന്നാൽ 2025ൽ പാകിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഈ പ്രശ്‌നം പ്രതിഫലിക്കുമെന്നും പിസിബി മുന്നറിയിപ്പ് നൽകി. അടുത്തിടെ ദുബായിൽ നടന്ന ഐസിസിയുടെ ബോർഡ് മീറ്റിങ്ങിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ സാന്നിധ്യവും പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാന്‍റെ പങ്കാളിത്തവും രണ്ട് ബോർഡുകളിലെയും അംഗങ്ങളുടെ അജണ്ടയിൽ ഉണ്ടായിരുന്നു.
ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ തലവൻ അരുൺ ധുമൽ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പിസിബിയെ പ്രതിനിധീകരിച്ചത് ചെയർമാനായിരുന്ന നജാം സേത്തിയാണ് എത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകൾക്കിടയിലെ തർക്കങ്ങൾക്കൊടുവിലാണ് ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.
സെപ്‌റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പിന്‍റെ വേദിയായി പാകിസ്ഥാനെ തന്നെ നിലനിർത്തി. എന്നാൽ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചതിനാൽ അവര്‍ക്കെതിരായ 2 ഗ്രൂപ്പ് മത്സരങ്ങള്‍ അടക്കം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും മറ്റൊരു രാജ്യത്തേക്ക് മാറ്റാമെന്ന് ധാരണയായി. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്. ഫൈനലിൽ ഇന്ത്യ എത്തുകയാണെങ്കിൽ ആ മത്സരവും നിഷ്‌പക്ഷ വേദിയിൽ നടത്താനാണ് തീരുമാനം.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഏഷ്യ കപ്പ് വേദിയെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും പോര് തുടങ്ങിയത്. നയതന്ത്ര പ്രശ്‌നങ്ങളും സുരക്ഷ കാരണങ്ങളും മുൻനിർത്തി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കുകയായിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളല്‍ വീണത്.
അതേവര്‍ഷം നടന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാനായാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിലെത്തിയത്. അതിന് ശേഷം ഇന്ത്യ ഇതുവരെ പാകിസ്ഥാൻ പര്യടനം നടത്തിയിട്ടില്ല. 2012ല്‍ അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ച ഇരു ടീമുകളും പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്.