കറാച്ചി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് സമ്പൂര്‍ണ വിജയം. കറാച്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ജയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 167 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ദിനം വെറും 55 റൺസ് മാത്രമായിരുന്നു വിജയത്തിന് വേണ്ടിയിരുന്നത്.
ആദ്യ സെഷനില്‍ വെറും 12 ഓവറിനുള്ളില്‍ തന്നെ ടീം കളി തീര്‍ക്കുകയും ചെയ്‌തു.
സ്‌കോര്‍: പാകിസ്ഥാന്‍- 304, 216 ഇംഗ്ലണ്ട് 354, 170/2. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ബെൻ ഡക്കറ്റ് ടോപ് സ്‌കോററായി. പുറത്താവാതെ 78 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (35*) ഡക്കറ്റിന് കൂട്ടായി. സാക്ക് ക്രൗളി (41), റീഹന്‍ അഹമ്മദ് (10) എന്നിവരുടെ വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായത്. പാകിസ്ഥാനായി അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 304 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 354 റൺസ് നേടിയിരുന്നു. ഹാരി ബ്രൂക്കിന്‍റെ സെഞ്ചുറിയും ബെന്‍ ഫോക്സിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് തുണയായത്. ബ്രൂക്ക് 150 പന്തില്‍ 111 റണ്‍സ് നേടിയപ്പോള്‍ 121 പന്തില്‍ 64 റണ്‍സായിരുന്നു ഫോക്‌സിന്‍റെ സമ്പാദ്യം.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്ഥാനെ അരങ്ങേറ്റക്കാരന്‍ റീഹാൻ അഹമ്മദിന്‍റെ മികവിലാണ് ഇംഗ്ലണ്ട് 216 റൺസില്‍ ഒതുക്കിയത്. 14.5 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്‌ത്തിയത്. പാക് നിരയില്‍ നായകൻ ബാബർ അസം (54), സൗദ് ഷക്കീൽ (53) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് മത്സരത്തിലെയും പരമ്പരയിലെയും താരമായി. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്ഥാന്‍ 74 റൺസിനാണ് പരാജയപ്പെട്ടത്. തുടര്‍ന്ന് മുള്‍ട്ടാനില്‍ 26 റൺസിന്‍റെ തോൽവിയും സംഘം ഏറ്റുവാങ്ങി. പാകിസ്ഥാന്‍ ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങുന്നത്.