28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടീം ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ആ ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് യുവരാജ് സിങ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരവധി മത്സരങ്ങളിലായിരുന്നു അന്ന് യുവി ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. പന്ത്രണ്ട് വര്‍ഷത്തിന് ഇപ്പുറം മറ്റൊരു ലോകകപ്പിന് ഇന്ത്യ ഒരുങ്ങുമ്പോള്‍ അന്ന് യുവരാജ് ചെയ്‌ത ദൗത്യം ഇക്കുറി ആരാകും നിര്‍വഹികുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.
ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), രവീന്ദ്ര ജഡേജ (Ravindra Jadeja), അക്‌സര്‍ പട്ടേല്‍ (Axar Patel) എന്നിവരാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്ന ഓള്‍ റൗണ്ടര്‍മാര്‍. ഇവര്‍ക്കൊപ്പം ശര്‍ദുല്‍ താക്കൂറും സ്‌ക്വാഡിലുണ്ട് (Shardul Thakur). ഇവരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മാറ്റി നിര്‍ത്തായാല്‍ മറ്റാരും അത്ര ഫോമിലല്ല എന്നത് ടീം ഇന്ത്യയ്‌ക്ക് തലവേദനയാണ്.
കഴിഞ്ഞ ഏഷ്യ കപ്പില്‍ ഉള്‍പ്പടെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്‍റിലെ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളിച്ച ഹാര്‍ദിക് 46 ശരാശരിയില്‍ 92 റണ്‍സാണ് നേടിയത്. അതില്‍, ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ടീമിനെ ബാറ്റുകൊണ്ട് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കാന്‍ പാണ്ഡ്യയ്‌ക്ക് സാധിച്ചിരുന്നു.

കൂടാതെ, സൂപ്പര്‍ ഫോറിലും ഫൈനലിലും നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പാണ്ഡ്യയ്‌ക്കായി. വരുന്ന ഏകദിന ലോകകപ്പിലും ഇതേ പ്രകടനങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യ ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍.
മികവ് കാട്ടാന്‍ ജഡേജയും താക്കൂറും: രവീന്ദ്ര ജഡേജ്ക്ക് അത്ര മികച്ച വര്‍ഷമല്ല 2023. ഇതുവരെ 14 ഏകദിന മത്സരങ്ങള്‍ ഈ വര്‍ഷം കളിച്ച ജഡേജ ആകെ നേടിയത് 154 റണ്‍സാണ്. ബൗളിങ്ങിലും തന്‍റെ നിലവാരത്തിലേക്ക് ഉയരാന്‍ ജഡേജയ്‌ക്ക് സാധിച്ചിട്ടില്ലെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം.
15 വിക്കറ്റ് മാത്രമാണ് ജഡേജയുടെ അക്കൗണ്ടില്‍ ഈ വര്‍ഷം. അതേസമയം, ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ ജഡേജ കാട്ടുന്നത് ആശ്വാസവഹമാണ്.

ശര്‍ദുല്‍ താക്കൂറിന്‍റെ കാര്യവും ഏറെക്കുറെ സമാനമാണ്. എടുത്ത് പറയാന്‍ സാധിക്കുന്ന മികച്ച പ്രകടനങ്ങളൊന്നും സമീപകാലത്ത് താക്കൂറില്‍ നിന്നുമുണ്ടായിട്ടില്ല. നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.
അക്‌സറിന്‍റെ സ്ഥാനം തുലാസില്‍: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഏറക്കുറെ സെറ്റാണ്. എന്നാല്‍, നിലവില്‍ ടീമിനുള്ള ഏക ആശങ്ക അക്‌സര്‍ പട്ടേലിന്‍റെ പരിക്കാണ്. കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് അക്‌സറിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അക്‌സറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പകരമായി, രവിചന്ദ്രന്‍ അശ്വിനെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത്. നിലവിലെ സാഹചര്യത്തില്‍ അക്‌സര്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായാല്‍ ആ സ്ഥാനം ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ അശ്വിന് ലഭിക്കാനാണ് സാധ്യത. 20 മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ പഴയ താളത്തില്‍ പന്തെറിയുന്നത് ടീമിന് നിലവില്‍ ആശ്വാസമാണ്.
Also Read : ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം