ഹരാരെ : ഏകദിന ലോകകപ്പ് യോഗ്യത (ODI World Cup Qualifier) മത്സരത്തില്‍ ഒമാനെ പൊളിച്ചടുക്കി ശ്രീലങ്ക. ക്വീൻസ് സ്പോർട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്‍റെ വിജയമാണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഒമാന്‍ 30.2 ഓവറില്‍ 98 റണ്‍സില്‍ പുറത്താവുകയായിരുന്നു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക വിക്കറ്റ് നഷ്‌ടപ്പെടാതെ 15 ഓവറില്‍ 100 റണ്‍സ് അടിച്ചാണ് വിജയം ഉറപ്പിച്ചത്. ദിമുത് കരുണരത്‌നെ dimuth karunaratne (51 പന്തില്‍ 61*) അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ പാത്തും നിസ്സാങ്ക Pathum Nissanka (39 പന്തില്‍ 37*) പിന്തുണയേകി. അന്താരാഷ്‌ട്ര തലത്തില്‍ ഒമാനും ശ്രീലങ്കയും കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഒമാനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് തരിപ്പണമാക്കിയത്. മൂന്ന് വിക്കറ്റുമായി ലാഹിരു കുമാരയും നിര്‍ണായകമായി. ലങ്കന്‍ ബോളര്‍ക്കെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുട്ടിടിച്ച് മടങ്ങിയതോടെ ആറാം നമ്പറിലെത്തിയ അയാന്‍ ഖാന്‍ പൊരുതി നിന്നതോടെയാണ് നൂറിനടുത്തുള്ള ഒരു ടോട്ടലിലേക്ക് എത്താന്‍ ഒമാന് കഴിഞ്ഞത്.
60 പന്തില്‍ 41 റണ്‍സായിരുന്നു അയാന്‍ ഖാന്‍ നേടിയത്. ജതീന്ദർ സിങ് (43 പന്തില്‍ 21), ഫയ്യാസ് ബട്ട് (28 പന്തില്‍ 13*) എന്നിവരാണ് അയാന്‍ ഖാനെ കൂടാതെ രണ്ടക്കത്തില്‍ എത്തിയത്. ഒമാന്‍റെ നാല് താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടക്കംതൊട്ട് ലാഹിരു കുമാരയും വാനിന്ദു ഹസരങ്കയും നിറഞ്ഞാടിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ഒമാന് നാല് ബാറ്റര്‍മാരെ നഷ്‌ടമായിരുന്നു.
കശ്യപ് കുമാർ ഹരീഷ്ഭായ് (9 പന്തില്‍ 1), ആക്വിബ് ഇല്ല്യാസ് (6 പന്തില്‍ 13), ക്യാപ്റ്റന്‍ സീഷാൻ മഖ്‌സൂദ് (8 പന്തില്‍ 1), മുഹമ്മദ് നദീം (7 പന്തില്‍ 0) എന്നിവരാണ് ഒന്നും ചെയ്യാന്‍ കഴിയാതെ മടങ്ങിയത്.
തുടര്‍ന്ന് ഒന്നിച്ച ജതീന്ദർ സിങ്ങും അയാന്‍ ഖാനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. 32 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് ജതീന്ദർ സിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ വാനിന്ദു ഹസരങ്കയാണ് പൊളിച്ചത്. പിന്നീടെത്തിയ ഷൊയ്‌ബ് ഖാന്‍ (2 പന്തില്‍ 0), ജയ് ഒഡേദാര (3 പന്തില്‍ 0) എന്നിവരെ ഹസരങ്ക വന്നപാടെ തിരിച്ച് കയറ്റി. പിന്നാലെ നസീം ഖുഷി (2 പന്തില്‍ 1) റണ്ണൗട്ടാവുകയും ബിലാല്‍ ഖാന്‍ (7 പന്തില്‍ 0) ഹസരങ്കയ്‌ക്ക് ഇരയാവുകയും ചെയ്‌തതോടെ ഒമാന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
ALSO READ: സഞ്ജു സാംസൺ ഏകദിന ടീമില്‍; വിൻഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ യുഎഇയിലെ 175 റണ്‍സിനായിരുന്നു ശ്രീലങ്ക തോല്‍പ്പിച്ചത്. വിജയത്തോടെ നാല് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ലങ്കയ്‌ക്ക് കഴിഞ്ഞു. ഗ്രൂപ്പില്‍ ഒമാന്‍റെ ആദ്യ തോല്‍വിയാണിത്. ഇതിന് മുന്‍പ് കളിച്ച രണ്ട് മത്സരങ്ങളിലും സംഘം വിജയം നേടിയിരുന്നു. അയര്‍ലന്‍ഡ്, യുഎഇ ടീമുകളെയായിരുന്നു ഒമാന്‍ തോല്‍പ്പിച്ചത്.