ഈഡന്‍ പാര്‍ക്ക്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് 198 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നേടിയ 274 റണ്‍സിന് മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ 19.5 ഓവറില്‍ 76 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടി ഹെൻറി ഷിപ്ലിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്.
ഡാരില്‍ മിച്ചല്‍, ബെയ്‌ര്‍ ടിക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 25 പന്തില്‍ 18 റണ്‍സ് നേടിയ എയ്‌ഞ്ചലോ മാത്യൂസാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ന്യൂ ബോളില്‍ കിവീസ് പേസര്‍മാര്‍ തിളങ്ങിയതോടെ സന്ദര്‍ശക ബാറ്റര്‍മാര്‍ മുട്ടിടിച്ച് മടങ്ങുകയായിരുന്നു. ചാമിക കരുണരത്‌നെ (24 പന്തില്‍ 11), ലഹിരു കുമാര (10 പന്തില്‍ 10) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം തൊട്ടമറ്റ് താരങ്ങള്‍.
10 ഓവര്‍ പിന്നിടുമ്പോഴേക്കും സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഈ സമയം വെറും 31 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ ടോട്ടലിലുണ്ടായിരുന്നത്. നുവാനിന്ദു ഫെര്‍ണാണ്ടോയാണ് ആദ്യം പുറത്തായത്. ആറ് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു.
പിന്നാലെ പാത്തും നിസ്സങ്ക (10 പന്തില്‍ 9), കുശാല്‍ മെന്‍ഡിസ് (16 പന്തില്‍ 0), ചരിത് അസലങ്ക (12 പന്തില്‍ 9) എന്നിവരും വീണു. ആറാം നമ്പറിലെത്തിയ നായകന്‍ ദാസുന്‍ ഷനകയ്‌ക്ക് വെറും ഒരു പന്ത് മാത്രമായിരുന്നു ആയുസ്. തുടര്‍ന്ന് ലങ്കയുടെ ടോപ് സ്‌കോററായ എയ്‌ഞ്ചലോ മാത്യൂസും തിരികെ കയറി.
ഏഴാമന്‍ ചാമിക കരുണരത്‌നെ ഒരറ്റത്ത് ചെറുത്ത നിന്നപ്പോഴും വാന്ദിനു ഹസരങ്ക (4 പന്തില്‍ 2), കസുന്‍ രജിത (9 പന്തില്‍ 5) എന്നിവര്‍ വന്നപാടെ മടങ്ങിയതോടെ ലങ്ക കൂടുതല്‍ പതറി. ഒടുവില്‍ കരുണരത്‌നെയും ലാഹിരു കുമാരയും പുറത്തായതോടെ ലങ്കന്‍ ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു. ദില്‍ഷന്‍ മധുശങ്ക (2 പന്തില്‍ 4) പുറത്താവാതെ നിന്നു.
ഏഴ് ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുല്‍കിയാണ് ഹെൻറി ഷിപ്ലിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആറ് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങിയ മാറ്റ് ഹെൻറിയും മികച്ച പ്രകനമാണ് നടത്തിയത്.
നേരത്തെ ഫിന്‍ അലന്‍ (49 പന്തില്‍ 51), രചിന്‍ രവീന്ദ്ര (52 പന്തില്‍ 49), ഡാരല്‍ മിച്ചല്‍ (58 പന്തില്‍ 47) എന്നിവരുടെ മികവിലാണ് കിവീസിന് തുണയായത്. 42 പന്തില്‍ 39 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും നിര്‍ണായ സംഭവന നല്‍കി. ശ്രീലങ്കയ്‌ക്കായി ചാമിക കരുണരത്‌നെ ഒമ്പത് ഓവറില്‍ 43 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി.
ലഹിരു കുമാര, കാസുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടിയപ്പോള്‍ ദില്‍ഷന്‍ മധുശങ്ക, ക്യാപ്റ്റന്‍ ദാസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലെത്തി.
ALSO READ: 'ലോകകപ്പ് കളിക്കാന്‍ ഈ ടീം പോര'; രോഹിത്തിനും സംഘത്തിനുമെതിരെ ഡാനിഷ് കനേരിയ