ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയ്‌ക്ക് വമ്പന്‍ ആദരവുമായി ബിസിസിഐ. ക്രിക്കറ്റില്‍ ധോണി അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. (Number 7 jersey worn by MS Dhoni has been retired by BCCI). താരം ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബിസിസിഐ നടപടി.
നേരത്തേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയും ബിസിസിഐ പിന്‍വലിച്ചിരുന്നു. ഇതോടെ സച്ചിന് ശേഷം പ്രസ്‌തുത ബഹുമതിക്ക് അര്‍ഹനാവുന്ന രണ്ടാമത്തെ മാത്രം താരമായി ധോണി മാറി. വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോണിയ്‌ക്ക് ബിസിസിഐ ഇത്തരമൊരു ബഹുമതി നല്‍കിയിരിക്കുന്നത്.
സച്ചിന്‍റെ 10-ാം നമ്പര്‍ ജഴ്‌സി എന്നത് പോലെ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിയും ഇനി മുതല്‍ ആര്‍ക്കും അണിയാവില്ലെന്ന് ബിസിസിഐ നിലവിലേയും മറ്റ് യുവതാരങ്ങളേയും അറിയിച്ചതായാണ് വിവരം. ഐസിസി നിയമ പ്രകാരം ഒന്ന് മുതല്‍ 100 വരെയുള്ള സംഖ്യകളില്‍ കളിക്കാര്‍ക്ക് ഇഷ്‌ടമുള്ള സംഖ്യ കളിക്കാര്‍ക്ക് തങ്ങളുടെ ജഴ്‌സി നമ്പറായി തിരഞ്ഞടുക്കാം.
എന്നാല്‍ ഒറ്റയക്ക നമ്പറുകളാണ് ബിസിസിഐ കളിക്കാര്‍ക്ക് നല്‍കുന്നത്. നിലവിലെ ഇന്ത്യന്‍ കളിക്കാർക്ക് (ടീമിന്‍റെ ഭാഗമായവര്‍ക്കും പുറത്തുള്ളവര്‍ക്കും ഉള്‍പ്പെടെ) ആകെ 60 ഒറ്റയക്ക നമ്പറുകളാണ് ബിസിസിഐ അനുവദിച്ചിരിക്കുന്നത്. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തില്‍ അധികം ടീമിന് പുറത്തിരിക്കേണ്ടി വന്നാലും അയാള്‍ ധരിച്ചിരുന്ന ജഴ്‌സി നമ്പര്‍ പുതിയ താരത്തിന് നല്‍കില്ല. അതിനർത്ഥം, ഒരു അരങ്ങേറ്റക്കാരന് തിരഞ്ഞെടുക്കാൻ ഇനി 30-ഒറ്റ സംഖ്യകൾ മാത്രമേയുള്ളൂ.
ഏഴാം നമ്പറിന് പിന്നില്‍: 1981 ജൂലായ് ഏഴിനാണ് എംഎസ് ധോണി ജനിച്ചത്. ജനിച്ച മാസവും ദിവസും ഏഴായതിനാലാണ് തന്‍റെ ജഴ്‌സിയുടെ നമ്പറും ഏഴായി തിരഞ്ഞെടുത്തതെന്ന് ധോണി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്‌ത നായകനാണ് 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേരുള്ള ധോണി.
2007-ല്‍ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ നേടിയെടുത്തത്. (ICC Trophies won by MS Dhoni). ഈ മൂന്ന് പ്രധാന ഐസിസി ട്രോഫികളും നേടുന്ന ലോക ക്രിക്കറ്റിലെ തന്നെ ആദ്യ ക്യാപ്റ്റനാണ് ധോണി. 2010-ലും 2016-ലും ധോണിയ്‌ക്ക് കീഴില്‍ ഏഷ്യ കപ്പും നീലപ്പട ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ തന്‍റെ തുടക്ക കാലത്ത് 10-ാം നമ്പര്‍ ജഴ്‌സി അണിഞ്ഞായിരുന്നു പേസര്‍ ശര്‍ദുല്‍ താക്കൂര്‍ കളിച്ചിരുന്നത്. എന്നാല്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങളും വഴിയൊരുക്കിയതോടെ 2017 -ലാണ് സച്ചിന്‍ ധരിച്ചിരുന്ന പ്രസ്‌തുത നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചത്. അതേസമയം ഇന്ത്യന്‍ ടീമിലെ പുതിയ കളിക്കാര്‍ തങ്ങളുടെ ഇഷ്‌ട നമ്പറുകള്‍ പ്രത്യേകം ആവശ്യപ്പെടാറുള്ളത് സാധാരണ സംഭവമാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായുള്ള മിന്നും പ്രകടനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്താനൊരുങ്ങവെ യശസ്വി ജയ്‌സ്വാള്‍ 19-ാം നമ്പര്‍ ജഴ്‌സി ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ 21-കാരന്‍ ധരിച്ചിരുന്ന ജഴ്‌സി നമ്പറായിരുന്നുവിത്. എന്നാല്‍ നേരത്തെ തന്നെ ഇതു സ്ഥിരാംഗമല്ലാത്ത ദിനേശ് കാര്‍ത്തികിന് നല്‍കിയിരുന്നതിനാല്‍ യശസ്വിയ്‌ക്ക് 64-ാം നമ്പർ ജഴ്‌സി തിരഞ്ഞെടുക്കേണ്ടി വന്നു.
ALSO READ: ഷാരൂഖ് വരുമോ ചെന്നെയിലേക്ക്... ഐപിഎല്‍ താരലേലത്തില്‍ ധോണിയും സംഘവും ലക്ഷ്യമിടുന്നത്...