കൊളംബോ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2021 ജൂണിൽ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി ആഷ്‌ലി ഡി സിൽവ. 2023ലെ ഏകദിന ലോകകപ്പിന് ശേഷം മാത്രമേ ഇനി ടൂര്‍ണമെന്‍റ് നടത്താനാവൂവെന്ന് ആഷ്‌ലി ഡി സിൽവ പ്രതികരിച്ചതായി പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യ കപ്പ് നിശ്ചയിച്ചിരുന്നത്. ആതിഥേയത്വം വഹിക്കുന്ന രാജ്യം അസൗകര്യം പ്രകടിപ്പിച്ചതോടെ ടൂര്‍ണമെന്‍റ് നിലവില്‍ അനിശ്ചിതത്വത്തിലാണ്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്‍റും മാറ്റി വെച്ചിരുന്നു.
also read: 'അയാള്‍ ഭയപ്പെടുന്നു'; ഡിവില്ലിയേഴ്സിന്‍റെ പിന്മാറ്റത്തെക്കുറിച്ച് മാര്‍ക്ക് ബൗച്ചര്‍
ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്കയ്ക്ക് അവസരം ലഭിച്ചത്. അതേസമയം ഇന്ത്യ അടുത്ത മാസം ശ്രീലങ്കയില്‍ പര്യടനം നടത്തുമെന്ന് നേരത്തെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങള്‍ നടത്താനാണ് പദ്ധതി. ഇക്കാര്യത്തിൽ ഇതുവരെ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
2018 യുഎഇയിലാണ് ഏഷ്യ കപ്പ് അവസാനമായി നടന്നത്. ദുബായിലും അബുദാബിയിലുമായി നടന്ന ടൂര്‍ണമെന്‍റില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ മെയ് 29ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.