ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് ബയോ ബബിള്‍ സംവിധാനം ബിസിസിഐ ഒഴിവാക്കിയേക്കും. കളിക്കാരുടെ മാനസിക ക്ഷേമം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. “എല്ലാം ശരിയായി നടക്കുകയും ഇപ്പോൾ ഉള്ളതുപോലെ കാര്യങ്ങൾ നിയന്ത്രണത്തില്‍ ആയിരിക്കുകയും ചെയ്താൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ ബയോ ബബിൾ സംവിധാനവും കഠിനമായ ക്വാറന്‍റൈനും ഉണ്ടാകില്ല,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
നിയന്ത്രിത പ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നത് കളിക്കാരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത് ദീർഘകാലത്തേക്ക് നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കുമാണ് ടീം ഇന്ത്യ പോവുക. അവിടെയും ബയോ ബബിൾ ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യുകെയിൽ ഒരു ഗെയിമിനും നിലില്‍ ബയോ ബബിള്‍ സംവിധാനമില്ല. അതിനാൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു ടെസ്റ്റും ആറ് വൈറ്റ് ബോൾ മത്സരങ്ങളും കളിക്കാന്‍ ഒരു സ്വതന്ത്ര അന്തരീക്ഷം ഇന്ത്യൻ ടീമിനുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കളിക്കാരെ കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read: മങ്കാദിങ്ങിലൂടെ ഔട്ടായി; എതിര്‍ ടീമിനോട് കോര്‍ത്ത് സ്‌മൃതി മന്ദാന-വീഡിയോ
ind vs sa t20: ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് പ്രോട്ടീസുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര നടക്കുക. ഡൽഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നീ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. പുരോഗമിക്കുന്ന ഐപിഎല്ലിന്‍റെ 15ാം സീസണ്‍ ബയോ ബബിള്‍ സംവിധാനത്തിനുള്ളിലാണ് നടക്കുന്നത്. മെയ് 29ന് ലീഗ് അവസാനിക്കുന്നതോടെ കളിക്കാരെ സ്വതന്ത്രരാക്കാനാണ് ബിസിസിഐ ആലോചന.