ചെന്നൈ: ഏകദിന ലോകകപ്പിലെ പതിനൊന്നാം മത്സരത്തില്‍ ബംഗ്ലാദേശിന് ആദ്യം ബാറ്റിങ് (New Zealand vs Bangladesh Toss). ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെപ്പോക്കിലാണ് മത്സരം.
അവസാനം കളിച്ച ടീമില്‍ നിന്നും ഒരു മാറ്റവുമായിട്ടാണ് ഇരു ടീമും ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ വില്‍ യങ്ങിനാണ് കിവീസിന്‍റെ അവസാന ഇലവനില്‍ ഇടം നഷ്‌ടമായത്. മഹെദി ഹസന് പകരം മഹ്മദുള്ളയാണ് ഇന്ന് ബംഗ്ലാദേശ് നിരയില്‍ കളത്തിലിറങ്ങുന്നത്.
ബംഗ്ലാദേശ് പ്ലേയിങ് ഇലവന്‍ (Bangladesh Playing XI) : ലിറ്റൺ ദാസ്, തൻസിദ് ഹസൻ, നജ്‌മുൽ ഹൊസൈൻ ഷാന്റോ, മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹ്മദുള്ള, തസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍ (New Zealand Playing XI) : ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാൻ, മിച്ചൽ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.
ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ്. ഇന്ന് തുടര്‍ച്ചയായ മൂന്നാം ജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കിവീസിന് ഇന്ന് ബംഗ്ലാദേശിനെ തകര്‍ക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താം.
മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്നും കരകയറാനാണ് ബംഗ്ലാദേശിന്‍റെ ശ്രമം. ആദ്യ കളിയില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച ഷാക്കിബും കൂട്ടരും നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
നേര്‍ക്കുനേര്‍ കണക്ക് (New Zealand vs Bangladesh Head To Head) : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 41 ഏകദിന മത്സരങ്ങളാണ് ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഈ മത്സരങ്ങളില്‍ എല്ലാം ഏഷ്യന്‍ ടീമിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. തമ്മിലേറ്റുമുട്ടിയ മത്സരങ്ങളില്‍ 30 എണ്ണത്തിലാണ് ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിട്ടുള്ളത്. കിവീസിനെതിരെ 10 ജയങ്ങളാണ് ബംഗ്ലാദേശിന്‍റെ അക്കൗണ്ടില്‍. ലോകകപ്പില്‍ അഞ്ച് പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും ന്യൂസിലന്‍ഡിനൊപ്പമായിരുന്നു ജയം.
ന്യൂസിലന്‍ഡ് ബംഗ്ലാദേശ് പോരാട്ടം തത്സമയം കാണാന്‍ (Where To Watch New Zealand vs Bangladesh Match): ഏകദിന ലോകകപ്പിലെ പതിനൊന്നാം മത്സരമാണ് ബംഗ്ലാദേശും ന്യൂസിലന്‍ഡും തമ്മില്‍. ചെന്നൈ ചെപ്പോക്കില്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാം. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരത്തിന്‍റെ സ്ട്രീമിങ്ങുണ്ട്.