ന്യൂഡൽഹി : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഏതാനും ആഴ്ചകള്‍ ശേഷിക്കെ ടീം ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് പ്രവചിച്ച് മുൻ പേസർ ആശിഷ് നെഹ്റ. എതിരാളികളായ ന്യൂസിലാൻഡിന്‍റെ ബൗളിങ് യൂണിറ്റിനേക്കാള്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞ നെഹ്റ, മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. എന്നാൽ ബുംമ്രയ്ക്കും ഷമിക്കും ഫാസ്റ്റ് വിക്കറ്റിൽ പോലും മികച്ച രീതിയിൽ പന്തെറിയാൻ കഴിയും. ബുംമ്രയേയും ഷമിയേയും കൂടാതെ ഇഷാന്ത് ശര്‍മ്മയുമുണ്ട്. 100 മത്സരങ്ങള്‍ കളിച്ച ഇഷാന്തിന്‍റെ സാന്നിധ്യം ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് നൽകുമെന്നും താരം പറഞ്ഞു.
also read: ടീം ഇന്ത്യ പരമ്പര തൂത്തുവാരും: ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി പനേസര്‍
പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കിൽ ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്താം. മുഹമ്മദ് സിറാജിനാണ് താന്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇത്തരത്തിലല്ലെങ്കില്‍ ബുംമ്ര, ഷമി, ഇഷാന്ത്, അശ്വിൻ, ജഡേജ എന്നതാവും ഇന്ത്യയുടെ ബൗളിങ് ലൈനപ്പ്. അശ്വിനും ജഡേജയും ബാറ്റിങ് യൂണിറ്റിന്‍റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാൻഡിനെ സംബന്ധിച്ചിടത്തോളം ട്രെന്‍റ് ബോൾട്ട് ഒരു ക്ലാസ് ബൗളറാണ്. മറ്റൊരു കിവീസ് ബൗളറായ നീൽ വാഗ്നര്‍ പരിചയസമ്പന്നനാണെങ്കിലും പിച്ചില്‍ നിന്നും വേണ്ടത്ര സ്വിങ് ലഭിക്കാതിരുന്നാല്‍ എത്രത്തോളം മികവുണ്ടാകുമെന്ന് പറയാനാകില്ല. അതേസമയം കെയ്‌ൽ ജാമിസൺ പ്രതീക്ഷയാണെങ്കിലും പരിചയക്കുറവ് തിരിച്ചടിയായേക്കുമെന്നും നെഹ്റ വിലയിരുത്തി.