ലണ്ടന്‍: സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലൂടെ (ODI World Cup 2023) വീണ്ടുമൊരു ഐസിസി കിരീടത്തിനായി ഏറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘത്തിനും സ്ഥാനമെന്നാണ് പൊതുവെ സംസാരമുള്ളത്. എന്നാല്‍ ടീമിന് ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ (Nasser Hussain).
"ലോകകപ്പിന്‍റെ ഭാഗമായ മറ്റ് ടീമികളുടെ കൂടെ ഗുണനിലവാരം നോക്കുമ്പോള്‍ കിരീടം നേടുന്നത് ഇന്ത്യയ്‌ക്ക് അത്ര ഏളുപ്പമാവില്ലെന്നാണ് നാസര്‍ ഹുസൈന്‍ പറയുന്നത്. ബോൾ ചെയ്യാനറിയാവുന്ന ബാറ്റർമാരുടെയും ബാറ്റ് ചെയ്യാൻ കഴിയുന്ന ബോളർമാരുടെയും അഭാവം ഇന്ത്യന്‍ ടീമില്‍ വലിയ പ്രശ്‌നമാണെന്നാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ പറയുന്നത് (Nasser Hussain on India cricket team in ODI World Cup 2023).
"ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകള്‍ തന്നെയാണ്. പക്ഷെ, ഗുണ നിലവാരമുള്ള മറ്റ് ടീമുകളുടെ എണ്ണം നോക്കുമ്പോള്‍ അവര്‍ അത്ര വ്യക്തമായ ഫേവറ്റുകളല്ല. ഇന്ത്യന്‍ ടീമിനെ നോക്കുകയാണെങ്കില്‍, വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ബാറ്റര്‍മാരായ രോഹിത് ശർമ്മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) അവരൊടൊപ്പമുണ്ട്. ഭാവി വാഗ്‌ദാനമായ ശുഭ്‌മാൻ ഗില്ലും ടീമിനൊപ്പമുണ്ട്.
ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവ് ഏറെ നല്ല വാര്‍ത്തയാണ്. ബാറ്റിങ്ങും ബോളിങ്ങും നോക്കുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായ മികച്ച ടീമുകളിലൊന്നാണ്. എന്നാല്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബോളര്‍മാരുടേയും ബോള്‍ ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍മാരുടേയും അഭാവം ടീമിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകള്‍ വ്യത്യസ്‌തരാണ്. അവര്‍ക്ക് ഏറെ ഓള്‍ റൗണ്ടര്‍മാരുണ്ട്"- നാസര്‍ ഹുസൈന്‍ പറഞ്ഞു.
നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്നും നാസര്‍ ഹുസൈൻ കൂട്ടിച്ചേര്‍ത്തു. "ഇന്ത്യൻ കളിക്കാരുടെ മേൽ എല്ലായ്‌പ്പോഴും സമ്മർദം ഉണ്ടെന്ന് നിങ്ങൾക്ക് വാദിക്കാം. 2011-ന് ശേഷമുള്ള ലോകകപ്പികളില്‍ അവര്‍ നോക്കൗട്ട് ഘട്ടങ്ങളിലാണ് പുറത്താവുന്നത്. ഇത്തവണയും അവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുമെന്ന് ഞാൻ കരുതുന്നു. അവിടെ അവര്‍ കളിക്കേണ്ടത് ഫിയര്‍ലെസ് ക്രിക്കറ്റാവണം"- അദ്ദേഹം പറഞ്ഞു നിര്‍ത്തി.
അതേസമയം ഒക്ടോബര്‍ അഞ്ച് മുതല്‍ക്ക് നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്.