ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ബെന്‍ സ്റ്റോക്‌സ് (Ben Stokes) പന്തെറിയാതിരുന്നതാണ് ഇംഗ്ലണ്ട് ടീമിന്‍റെ ബാലന്‍സ് നഷ്‌ടപ്പെടുത്തിയതെന്ന് മുന്‍ താരം നാസര്‍ ഹുസൈന്‍. ശ്രീലങ്കയോടും തോറ്റ് ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റതോടെയാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്‍റെ പ്രതികരണം. ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരം കളിച്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആകെ ഒരു മത്സരം മാത്രം ജയിച്ച് പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്.
'വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍ കടന്ന് പോകുന്നത്. എന്ത് ചെയ്‌താലും ഓരോ പണിയാണ് അവര്‍ക്ക് കിട്ടുന്നത്. ബെന്‍ സ്റ്റോക്‌സിന്‍റെ തോളില്‍ തട്ടിയിട്ട് നിങ്ങള്‍ നല്ലതുപോലെ കളിക്കുന്നില്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.
കാരണം, ശ്രീലങ്കയ്‌ക്കെതിരെ അയാളുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും സ്റ്റോക്‌സ് ഇംഗ്ലണ്ടിന്‍റെ രക്ഷകനായെത്താറുണ്ട്. എന്നാല്‍, ഇപ്പോള്‍ അവന്‍ കളിക്കുമ്പോള്‍ ടീമിന്‍റെ സന്തുലിതാവസ്ഥ തന്നെ തകിടം മറിയുകയാണ്.
സ്റ്റോക്‌സ് വന്നതോടെ ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ടിന് പുറത്തിരുത്തേണ്ടി വന്നു. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍മാരെല്ലാം ടീമിലേക്ക് എത്തി. ഇവിടെയാണ് ടീം ഇന്ത്യയുടെ കാര്യം നോക്കേണ്ടത്.
അവരുടെ പ്രധാന ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് പറ്റി. പാണ്ഡ്യ കളിച്ചില്ലെങ്കിലും അവര്‍ക്ക് എല്ലാ ബാറ്റര്‍മാരെയും ബൗളര്‍മാരെയും കളിപ്പിക്കാന്‍ സാധിച്ചു. ഷമിയെ പോലൊരു താരമായിരുന്നു പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലേക്ക് എത്തിയത്.
ഇന്ത്യയുടെ ബാറ്റര്‍മാരെല്ലാം വലിയ സ്കോര്‍ കണ്ടെത്തുന്നു. ബൗളര്‍മാര്‍ വിക്കറ്റും നേടി മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കുന്നു. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല, അതാണ് ഈ ഇരു ടീമും തമ്മിലുള്ള പ്രധാന വ്യത്യാസവും'- നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ ബെന്‍ സ്റ്റോക്‌സ് ഏകദിന ലോകകപ്പില്‍ ആകെ രണ്ട് മത്സരങ്ങളിലാണ് കളിക്കാനിറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരങ്ങളില്‍ താരത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. കളിച്ച മത്സരങ്ങളില്‍ ബാറ്റ് ചെയ്‌തിരുന്നെങ്കിലും ഒന്നിലും ബോള്‍ ചെയ്യാന്‍ താരത്തിനായിരുന്നില്ല.
ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ 43 റണ്‍സ് നേടി ടീമിന്‍റെ ടോപ് സ്കോറര്‍ ആയതും സ്റ്റോക്‌സായിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 156 റണ്‍സില്‍ ഓള്‍ ഔട്ടായി.
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. അര്‍ധ സെഞ്ച്വറി നേടിയ പാതും നിസ്സങ്ക, സധീര സമരവിക്രമ എന്നിവരുടെ പ്രകടനങ്ങളായിരുന്നു അവര്‍ക്ക് അനായാസ ജയമൊരുക്കിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ശ്രീലങ്കയ്‌ക്കായി.