മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മൈതാനത്ത് പുലര്‍ത്തുന്ന ആക്രമണോത്സുകതയുമായി ബന്ധപ്പെട്ട് നിരവധിയായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കോലി അതിരുകടക്കുന്നുവോ എന്ന് പോലും സംശയം പ്രകടിപ്പിച്ചവരുമുണ്ട്. എന്നാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ വിരാട് കോലിയ സഹായിക്കുന്നത് ഈ ആക്രമണോത്സുകതയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ.
അതില്ലെങ്കില്‍ കോലിയുമില്ലെന്നാണ് 51-കാരനായ മുത്തയ്യ മുരളീധരൻ പറയുന്നത് (Muttiah Muralitharan wants Virat Kohli to continue being aggressive). "ടീമിന്‍റെ ക്യാപ്റ്റൻ അല്ലെങ്കിലും, എതിര്‍ ടീമിന്‍റെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ബോളറേക്കാള്‍ വലിയ ആഘോഷം നടത്തുന്ന വിരാട് കോലിയെ നിങ്ങള്‍ക്ക് കാണാനാവും. അതാണ് കളിയോടുള്ള അവന്‍റെ അഭിനിവേശം. ഒരിക്കൽ അതു നഷ്‌ടപ്പെടുകയാണെങ്കില്‍ അവന്‍ തീര്‍ന്നു. കളത്തിന് പുറത്ത് ഒരു മാന്യനാണ് വിരാട് കോലി. ഏറെ ശാന്തനായ വ്യക്തി (Muttiah Muralitharan on Virat Kohli)", മുത്തയ്യ മുരളീധരന്‍ പറഞ്ഞു.
തന്‍റെ ശൈലിയില്‍ കോലി ഒരിക്കലും മാറ്റം വരുത്തരുതെന്നും മുത്തയ്യ മുരളീധരൻ കൂട്ടിച്ചേര്‍ത്തു. "കളിയോടുള്ള അഭിനിവേശമാണത്. അതുകൊണ്ടാണ് അവന്‍ കോലി ആയി മാറിയത്. അതുകൊണ്ട് അവൻ ഒരിക്കലും തന്‍റെ ശൈലിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഒരിക്കലും ആ മനോഭാവം മാറ്റരുതെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്"- താരം കൂട്ടിച്ചേര്‍ത്തു.
സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) വലിയ പ്രതീക്ഷയാണ് വിരാട് കോലിയുടെ ബാറ്റില്‍ ആരാധകര്‍ക്കുള്ളത്. ഏകദിന ലോകകപ്പിലൂടെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഐസിസി കീരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. 2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മറ്റൊരു ഐസിസി കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയതാവട്ടെ 2011-ലാണ്. അന്ന് സ്വന്തം മണ്ണില്‍ തന്നെയായിരുന്നു എംഎസ് ധോണിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയുടെ ലോകകപ്പ് നേട്ടം. ഇത്തവണ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ALSO READ: South Africa vs Sri Lanka Match Result പൊരുതി തോറ്റ് ലങ്ക, ദക്ഷിണാഫ്രിക്കയ്‌ക്ക് 102 റണ്‍സ് ജയം