മുംബൈ: ഇന്ത്യയുടെ ഏകദിന ലോകകപ്പ് (Cricket World Cup 2023) തോല്‍വിക്ക് ശേഷം ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയമാണ് ഇന്ത്യന്‍ ക്യാപ്‌റ്റനും സീനിയര്‍ താരവുമായ രോഹിത് ശര്‍മയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ഭാവി (Rohit Sharma Future In White Ball Cricket). ഇനി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ 36കാരനായ രോഹിത് ഉണ്ടാകുമോ എന്ന ചോദ്യം സജീവമാണ്. ടി20യിലേക്ക് ഇനി തന്നെ പരിഗണിക്കരുതെന്ന് രോഹിത് ശര്‍മ ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആരാധകര്‍ക്കിടയില്‍ ഇത്തരമൊരു ആശങ്കയും ഉടലെടുത്തത്.
2024 ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് (T20 World Cup 2024) യുവതാരങ്ങളുമായി പോകാനാണ് ബിസിസിഐ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ചതോടെ രോഹിത് ശര്‍മയേയും ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റ് കരിയര്‍ രോഹിത് അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, മറ്റൊരു ലോകകപ്പ് കൂടി കളിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിക്കുമെന്നാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ അഭിപ്രായം (Muttiah Muralitharan About Rohit Sharma).
'ഈ ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കൂ. മികച്ച സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശി ഇന്ത്യയ്‌ക്ക് ഓരോ മത്സരത്തിലും തകര്‍പ്പന്‍ തുടക്കമാണ് രോഹിത് നല്‍കിയത്. ഒരിക്കല്‍പ്പോലും രോഹിതിന്‍റെ ബാറ്റിങ് പാളിപ്പോയിട്ടില്ല.
ഇപ്പോള്‍ 36 വയസ് മാത്രമാണ് രോഹിത് ശര്‍മയുടെ പ്രായം. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസിലും ശ്രദ്ധിച്ചാല്‍ രോഹിതിന് മറ്റൊരു ലോകകപ്പ് കൂടി ടീംം ഇന്ത്യയ്‌ക്കായി കളിക്കാം.
ഏകദിന ലോകകപ്പില്‍ 130 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് കളിച്ചത്. ടി20യിലും അത്ര മോശം സ്ട്രൈക്ക് റേറ്റ് ഒന്നുമല്ല അത്. പരിചയസമ്പത്തും രോഹിത് ശര്‍മയ്‌ക്കുണ്ട്.
35 വയസിന് ശേഷം ഫിറ്റ്‌നസില്‍ വേണം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്. അടുത്ത ലോകകപ്പിലും കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെങ്കില്‍ രോഹിത് ഉറപ്പായും കളിച്ചിരിക്കും. ഒരു ലോകകപ്പിന് കൂടിയുള്ള ബാല്യം രോഹിതിന് ഉണ്ടെന്ന് തന്നെയാണ് ഞാനും കരുതുന്നത്'- ജിയോ സിനിമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മുത്തയ്യ മുരളീധരന്‍ പറഞ്ഞു.