ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക ടി20 ലീഗിലേയും യുഎഇ ഇന്‍റർനാഷണൽ ടി20 ലീഗിലേയും തങ്ങളുടെ ഫ്രാഞ്ചൈസികളുടെ പേരുകൾ വെളിപ്പെടുത്തി ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ (എംഐ) ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ്. യുഎഇയിലെ ടീമിന് ‘എംഐ എമിറേറ്റ്സ്’ എന്നും ദക്ഷിണാഫ്രിക്കയിലെ ടീമിന് ‘എംഐ കേപ് ടൗൺ’ എന്നുമാണ് പേരിട്ടിരിക്കുന്നത്.
'മൈ കേപ് ടൗണ്‍', 'മൈ എമിറേറ്റ്സ്' എന്നിങ്ങനെയാണ് ഇവ വിളിക്കപ്പെടുക. എംഐ എമിറേറ്റ്സും എംഐ കേപ്‌ടൗണും ഒരേ ധാർമ്മികത സ്വീകരിക്കുമെന്നും എംഐയുടെ ആഗോള ക്രിക്കറ്റ് പൈതൃകത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഉറപ്പുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്‌ടർ നിത അംബാനി പറഞ്ഞു.
' എംഐ കുടുംബത്തിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളാണിവ. തങ്ങളെ സംബന്ധിച്ചിടത്തോളം എംഐ ക്രിക്കറ്റിന് അപ്പുറത്താണ്. സ്വപ്നം കാണാനും നിർഭയരായിരിക്കാനും ജീവിതത്തിൽ പോസിറ്റീവ് മനോഭാവം വളർത്താനുമുള്ള കഴിവിനെയാണ് അത് ഉള്‍ക്കൊള്ളുന്നതെന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു'.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയങ്ങളുള്ള ടീമാണ് മുംബൈ ഇന്ത്യന്‍. നിലവില്‍ രോഹിത് ശര്‍മ നയിക്കുന്ന ഫ്രാഞ്ചൈസിക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം നേടാനായിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലിന്‍റെ കഴിഞ്ഞ രണ്ട് സീസണിലും ടീമിന് പ്ലേ ഓഫിലെത്താനായിരുന്നില്ല.
യുഎഇ ടി20 ലീഗിലെ ആറില്‍ അഞ്ച് ടീമുകള്‍ക്കും ദക്ഷിണാഫ്രിക്ക ടി20 ലീഗിലെ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും ഇന്ത്യന്‍ ഉടമകളാണ്.