ദുബായ്: ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം രാജിവച്ചപ്പോൾ ഒപ്പം കളിച്ചവരില്‍ സന്ദേശമയച്ചത് എംഎസ് ധോണി മാത്രമാണെന്ന് വിരാട് കോലി. സഹായിക്കാന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വ്യക്തിപരമാവുമ്പോഴാണ് വിലകല്‍പ്പിക്കപ്പെടുന്നതെന്നും കോലി പറഞ്ഞു. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമാണ് കോലിയുടെ പ്രതികരണം.
"ടെസ്റ്റ് ക്യാപ്‌റ്റൻസി ഒഴിഞ്ഞപ്പോള്‍, എനിക്ക് ഒരാളിൽ നിന്ന് മാത്രമാണ് സന്ദേശം ലഭിച്ചത്. ആ വ്യക്തിയോടൊപ്പം ഞാന്‍ നേരത്തെ ഒന്നിച്ച് കളിച്ചിട്ടുണ്ട്. ആ വ്യക്തി എംഎസ് ധോണിയാണ്. എന്‍റെ നമ്പര്‍ പലരുടേയും കയ്യിലുണ്ടായിരുന്നു.
ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവരാരും ഒരു സന്ദേശം അയച്ചില്ല. നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർഥമായ ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് കാണാൻ കഴിയും.
എനിക്ക് ധോണിയില്‍ നിന്നോ, ധോണിക്ക് എന്നില്‍ നിന്നോ ഒന്നും തന്നെ വേണ്ട. ഞങ്ങള്‍ പരസ്‌പരം അരക്ഷിതരായിരുന്നില്ല. എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തിപരമായി തന്നെ അവരെ സമീപിച്ച് ഞാനത് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നെ സഹായിക്കണമെന്നുണ്ടെങ്കിൽ പോലും, ടിവിയുടെ മുന്നിലോ ലോകത്തിന്‍റെ മുഴുവൻ മുന്നിലോ ആണ് നിങ്ങൾ നിർദേശം നൽകാൻ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് എന്നെ സംബന്ധിച്ച് യാതൊരു വിലയുമില്ല. നിങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാം. വളരെ സത്യസന്ധതയോടെയാണ് ഞാൻ കാര്യങ്ങളെ കാണുന്നത്. ടീമിനായി കഠിനപ്രയത്‌നം നടത്തുകയാണ് എന്‍റെ ജോലി, അത് തുടരും' കോലി പറഞ്ഞു.
അതേസമയം ഈ വര്‍ഷം ജനുവരിയിലാണ് കോലി ടെസ്റ്റ് ക്യാപ്‌റ്റന്‍സി രാജിവച്ചത്. എംഎസ് ധോണിയില്‍ നിന്നും ചുമതലയേറ്റെടുത്ത താരം ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ചാണ് പടിയിറങ്ങിയത്.