2020 ഓഗസ്റ്റ് 15-ലെ സായാഹ്നം...ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ എംഎസ് ധോണിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നു.. 'ഇക്കാലമത്രയും എന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി.. ഈ നിമിഷം മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക...' അക്ഷരാർത്ഥത്തിൽ ലോകമെമ്പടുമുള്ള ഇന്ത്യൻ ആരാധകരെ ഞെട്ടിച്ച ഒരു വിരമിക്കൽ പ്രഖ്യാപനം... അതെ, എംഎസ് ധോണി എന്ന ഇതിഹാസ നായകൻ ഇന്ത്യയുടെ നീലകുപ്പായം അഴിച്ചുവച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം...ധോണി ആരെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, ഫിനിഷർ, വിക്കറ്റ് കീപ്പർ ബാറ്റർ അങ്ങനെ പല വിശേഷണങ്ങളും അയാൾക്ക് സ്വന്തം...
2004-05ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുടി നീട്ടി വളര്‍ത്തിയൊരു ചെറുപ്പക്കാരന്‍ ഏഴാം നമ്പറില്‍ ക്രീസിലേക്കെത്തി. ഒരു പന്ത് മാത്രം നേരിട്ട് റണ്‍സൊന്നുമെടുക്കാതെ അയാള്‍ റണ്‍ ഔട്ടായപ്പോള്‍ കളി കണ്ടിരുന്നവരെല്ലാം ഇതാരാണെന്ന് ചിന്തിച്ചു. ആ പരമ്പരയില്‍ ഒരു മത്സരത്തില്‍പ്പോലും ആ പയ്യന് ഇന്ത്യന്‍ കുപ്പായത്തില്‍ ബാറ്റ് കൊണ്ട് അധികമൊന്നുമായിരുന്നില്ല.
അതിന് പിന്നാലെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ പരമ്പരയിലും ആ ചെറുപ്പക്കാരന് അവസരം ലഭിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുന്‍ പ്രകടനം ആവര്‍ത്തിച്ചു. എന്നാല്‍ തന്‍റെ കരിയറിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറിലേക്ക് അയാള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വിശാഖപട്ടണത്ത് നടന്ന ആ മത്സരത്തില്‍ ഇന്ത്യ 356 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അതില്‍ സിംഹഭാഗം റണ്‍സും പിറന്നത് ആ നീളന്‍ മുടിക്കാരന്‍റെ ബാറ്റില്‍ നിന്നും, കളി കണ്ടിരുന്ന എല്ലാവരും അന്ന് മുതല്‍ മഹേന്ദ്ര സിങ് ധോണി എന്ന അയാളുടെ പേരും ശ്രദ്ധിച്ചു തുടങ്ങി.
അതേവര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയും ഏകദിന പരമ്പരയ്‌ക്കായി ഇന്ത്യ ഇറങ്ങിയിരുന്നു. ഈ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ധോണി അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 റണ്‍സ് അടിച്ചെടുത്തു. ഈയൊരൊറ്റ പ്രകടനം അയാളെ പലരുടെയും പ്രിയങ്കരനാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകള്‍ കളിച്ചായിരുന്നില്ല ധോണി റണ്‍സ് കണ്ടെത്തിയിരുന്നത്. പവര്‍ഹിറ്റിങ് ആയിരുന്നു എന്നും അയാളുടെ കരുത്ത്. അതിലൂടെ കരിയറിന്‍റെ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ധോണിക്ക് സാധിച്ചിരുന്നു.
മഹേന്ദ്ര ജാലം തീര്‍ത്ത 'ക്യാപ്‌റ്റന്‍ കൂള്‍' : തുടക്കത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ 2007ലെ ഏകദിന ലോകകപ്പിലും ധോണി ഇടം നേടി. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ ലോകവേദിയില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തകര്‍ന്ന് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അന്ന്, ആരാധകരുടെ പഴികള്‍ക്കെല്ലാം അയാള്‍ ഇരയാകേണ്ടിവന്നിരുന്നു.
അതിനെല്ലാമുള്ള മറുപടി ടി20 ലോകകപ്പിലൂടെ തന്നെ നല്‍കാന്‍ അയാള്‍ക്ക് സാധിച്ചു. സീനിയര്‍ താരങ്ങള്‍ ഇല്ലാതെ യുവതാരങ്ങളെ വച്ച് അയാള്‍ ഇന്ത്യയ്‌ക്ക് ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റിലെ ലോക കിരീടം സമ്മാനിച്ചു. എംഎസ് ധോണി എന്ന വീരനായകന്‍ ക്രിക്കറ്റില്‍ ചുവടുറപ്പിച്ച ടൂര്‍ണമെന്‍റ് കൂടിയായിരുന്നു അത്. അതിന് ശേഷം പിന്നിട്ട പാതകളില്‍ എല്ലാം അയാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ധോണി ഒന്നാമതെത്തിച്ചു, 2011ല്‍ ഏകദിന ലോകകപ്പിനായുള്ള നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയെ സിക്‌സര്‍ പറത്തിക്കൊണ്ട് അയാള്‍ അവസാനിപ്പിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യയിലേക്ക്.
2014ല്‍ അധികം അപ്രതീക്ഷിതമായി ക്യാപ്‌റ്റന്‍സിയും ടെസ്റ്റ് ടീമിലെ സ്ഥാനവും വിരാട് കോലിക്ക് കൈമാറി അയാള്‍ പടിയിറങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദിന, ടി20 നായകസ്ഥാനവുമൊഴിഞ്ഞ ധോണി ക്യാപ്‌റ്റന്‍റെ കിരീടമില്ലാതെയാണ് കരിയറിലെ അവസാന നാളുകള്‍ ഇന്ത്യയ്‌ക്കായി കളിച്ചത്.
വിക്കറ്റിന് പിന്നിലെ കഴുകന്‍ : ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൗച്ചര്‍ എന്നിവരെപ്പോലെ ഒരു വിക്കറ്റ് കീപ്പറെ ഇന്ത്യന്‍ ആരാധകരും ഒരു കാലത്ത് ഏറെ സ്വപ്‌നം കണ്ടിരുന്നു. അങ്ങനെ, അവരുടെ മുന്നിലേക്ക് സ്വര്‍ഗത്തില്‍ നിന്നും അവതരിച്ച മാലാഖയെപ്പോലെ കടന്നുവന്നയാളാണ് എംഎസ് ധോണി. വിക്കറ്റിന് പിന്നിലെ അയാളുടെ പ്രകടനം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകര്‍ക്ക് വിസ്‌മയമായി.
മിന്നല്‍ വേഗത്തില്‍ ക്രീസ് വിട്ടിറങ്ങുന്ന ബാറ്റര്‍മാരെ സ്റ്റമ്പ് ചെയ്‌തും ക്യാച്ചുകള്‍ പറന്ന് പിടിച്ചും റണ്‍ഔട്ടുകള്‍ക്കായി കൃത്യതയോടെ പന്ത് സ്റ്റമ്പിലേക്ക് എത്തിച്ചും അയാള്‍ അത്ഭുതങ്ങള്‍ തീര്‍ത്തു.
Also Read : MS Dhoni | 'ഈ ദിവസം, ആ വര്‍ഷം...'; ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതിഹാസനായകന്‍റെ അവസാന ഏകദിനം