ക്രിക്കറ്റ് ലോകകപ്പിനെ (Cricket World Cup 2023) വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമൊട്ടാകെയുള്ള കളിയാസ്വാദകര്‍. സന്നാഹ മത്സരങ്ങളെല്ലാം തകൃതിയായി പുരോഗമിക്കുകയാണ്. ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും (England) കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും (New Zealand) തമ്മിലാണ് ഇക്കുറി ആദ്യ മത്സരം.
വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ബാബര്‍ അസം, സ്റ്റീവ് സ്‌മിത്ത്, കെയ്‌ന്‍ വില്യംസണ്‍...ഇങ്ങനെ നീളും ഇത്തവണ ലോകകപ്പില്‍ ബാറ്റിങ് വിരുന്നൊരുക്കാന്‍ ഇറങ്ങുന്ന വമ്പന്‍മാരുടെ പേരുകള്‍. ഇവരുടെ ബാറ്റില്‍ നിന്നും പിറക്കുന്ന തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരാവേശത്തോടൊപ്പം ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ബാറ്റിങ് റെക്കോഡുകളും ഇക്കുറി പഴങ്കഥയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏകദിന ലോകകപ്പിന്‍റെ 13-ാം പതിപ്പാണ് ഇപ്രാവശ്യത്തേത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ അഞ്ച് താരങ്ങളെ അറിയാം..(Most Runs In Cricket World Cup History)
- സച്ചിന്‍ ടെണ്ടുല്‍ക്കര്‍
സച്ചിനില്ലാതെ ക്രിക്കറ്റ് ഇല്ല, ക്രിക്കറ്റ് ഇല്ലാതെ സച്ചിനും. ലോക ക്രിക്കറ്റിന്‍റെ മാത്രമല്ല, ലോകകപ്പിന്‍റെ ചരിത്രത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. 1992ല്‍ ആയിരുന്നു സച്ചിന്‍ ആദ്യമായി ഏകദിന ലോകപ്പില്‍ കളിക്കുന്നത്. പിന്നീടിങ്ങോട്ട് 1996, 1999, 2003, 2007, 2011 വരെയുള്ള എല്ലാ ലോകകപ്പുകളിലും ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ടായിരുന്നു.
ലോകകപ്പില്‍ 45 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 44 ഇന്നിങ്‌സില്‍ നിന്നും 2,278 റണ്‍സാണ് നേടിയിട്ടുള്ളത്. 56.95 ശരാശരിയില്‍ റണ്‍സ് സ്കോര്‍ ചെയ്‌ത സച്ചിന്‍ ലോകകപ്പില്‍ ആകെ ആറ് സെഞ്ച്വറികളും 15 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.
- റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച നായകനാണ് റിക്കി പോണ്ടിങ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍. 1996 മുതല്‍ 2011വരെയുള്ള ഏകദിന ലോകകപ്പുകളില്‍ നിന്നായി 46 മത്സരങ്ങളാണ് റിക്കി പോണ്ടിങ് കളിച്ചിട്ടുള്ളത്.
അതില്‍ 42 ഇന്നിങ്‌സ് മാത്രം ബാറ്റ് ചെയ്‌തിട്ടുള്ള പോണ്ടിങ് 45.86 ശരാശരിയില്‍ 1743 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളുമാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍റെ ലോകകപ്പ് സ്റ്റാറ്റ്‌സിലുള്ളത്.
- കുമാര്‍ സംഗക്കാര
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ സംഗക്കാര. 2003-2015 വരെയുള്ള നാല് ലോകകപ്പുകളിലാണ് സംഗക്കാര ശ്രീലങ്കന്‍ ജഴ്‌സിയണിഞ്ഞ് കളിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 37 മത്സരങ്ങളിലെ 35 ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്‌ത താരം 56.74 ശരാശരിയില്‍ 1532 റണ്‍സ് സ്‌കോര്‍ ചെയ്‌തിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളുമാണ് മുന്‍ ശ്രീലങ്കന്‍ താരം ലോകകപ്പില്‍ നേടിയിട്ടുള്ളത്.
- ബ്രയാന്‍ ലാറ
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയാണ് ഈ പട്ടികയിലെ നാലാമന്‍. 1992ലാണ് ലാറയും ആദ്യമായി ലോകകപ്പ് വേദിയിലെത്തുന്നത്. തുടര്‍ന്ന് 2007വരെ നടന്ന ഏകദിന ലോകകപ്പുകളില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താന്‍ വിന്‍ഡീസിന്‍റെ ഇടംകയ്യന്‍ താരത്തിനായിട്ടുണ്ട്.
34 മത്സരങ്ങളാണ് താരം ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 33 ഇന്നിങ്‌സുകളില്‍ നിന്നും 42.24 ശരാശരിയില്‍ 1225 റണ്‍സാണ് ലാറ നേടിയിട്ടുള്ളത്. ലോകകപ്പില്‍ രണ്ട് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
- എ ബി ഡിവില്ലിയേഴ്‌സ്
'മിസ്റ്റര്‍ 360' ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് ആണ് പട്ടികയിലെ അഞ്ചാമന്‍. മൂന്ന് ലോകകപ്പുകളിലെ മാത്രം പ്രകടനം കൊണ്ടാണ് താരം പട്ടികയിലെ അഞ്ചാം സ്ഥാനക്കാരനായത്. 2007, 2011, 2015 ലോകകപ്പുകളിലാണ് ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുള്ളത്.
23 മത്സരങ്ങളില്‍ നിന്നും 63.25 ശരാശരിയില്‍ 1207 റണ്‍സ് നേടിയാണ് ഡിവില്ലിയേഴ്‌സ് കളി മതിയാക്കിയത്. നാല് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ മാത്രം നേടിയിട്ടുണ്ട്.