ലണ്ടന്‍ : ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരുടെ പട്ടികയില്‍ വിരാട് കോലിക്ക് മുന്നില്‍ തന്നെ സ്ഥാനമുണ്ടാവുമെന്നുറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 68 മത്സരങ്ങളിൽ കോലിക്ക് കീഴിലിറങ്ങിയ ഇന്ത്യ 40 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 95 ഏകദിനങ്ങളിൽ നിന്നും 65 വിജയങ്ങളും 50 ടി20യിൽ 30 വിജയങ്ങളും ഇന്ത്യന്‍ നായകനെന്ന നിലയില്‍ 34കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐസിസി ട്രോഫി നേടാന്‍ കഴിയാത്തതിനാല്‍ ഒരു വിഭാഗം വിമർശകരും ആരാധകരും പരാജയപ്പെട്ട ക്യാപ്റ്റനായാണ് തന്നെ കണക്കാക്കുന്നതെന്ന് വിരാട് കോലി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
കോലിയുടെ ഈ വാക്കുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ സ്പിന്നർ മോണ്ടി പനേസര്‍. ഐസിസി ടൂർണമെന്‍റുകളിലെ വിജയികളെ മാത്രമാണ് ആളുകള്‍ ഓര്‍ക്കുകയെന്നാണ് പനേസര്‍ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.
"നിർഭാഗ്യവശാൽ, ഇത് ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കുക എന്നതിന്‍റെ സമ്മർദമാണ്. ആരും രണ്ടാമതോ മൂന്നാം സ്ഥാനക്കാരോ ആയ ടീമുകളെ ഓർക്കുന്നില്ല. ഐസിസി ടൂർണമെന്‍റുകളിലെ വിജയികളെ മാത്രമാണ് നമ്മള്‍ എപ്പോഴും ഓർമ്മിക്കുക" - പനേസർ ട്വീറ്റ് ചെയ്തു.
ആർസിബി പോഡ്‌കാസ്റ്റിലാണ് കോലിയുടെ പ്രതികരണമുണ്ടായിരുന്നത്. 'വിജയം നേടാനാണ് നമ്മള്‍ ടൂര്‍ണമെന്‍റുകള്‍ കളിക്കുന്നത്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും, 2019ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും, 2021ലെ ടി20 ലോകകപ്പിലും ഞാനാണ് ടീമിനെ നയിച്ചത്. ഈ നാല് ടൂര്‍ണമെന്‍റുകളിലും കിരീടം നേടാന്‍ കഴിയാതെ വന്നതോടെ ഒരു പരാജയപ്പെട്ട ക്യാപ്റ്റനായാണ് എന്നെ കണക്കാക്കുന്നത്' - കോലി പറഞ്ഞു.
എന്നാല്‍ താന്‍ ഒരിക്കലും തന്നെ അങ്ങനെ വിലയിരുത്തിയിട്ടില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. 'ടീമെന്ന നിലയിൽ നേടാന്‍ കഴിഞ്ഞതിലും, അതിന്‍റെ ശൈലിയിൽ ഉണ്ടാക്കാനായ കാതലായ മാറ്റങ്ങളില്‍ ഏറെ അഭിമാനമുണ്ട്. ചെറിയ ഒരു കാലയളവിലാണ് ഒരു ടൂർണമെന്‍റ് നടക്കുന്നത്. എന്നാല്‍ ടീമിന്‍റെ ശൈലി മാറ്റം ഏറെ നാളുകള്‍കൊണ്ട് സംഭവിക്കുന്നതാണ്' - വിരാട് കോലി പറഞ്ഞു.
ഒരു കളിക്കാരനെന്ന നിലയിൽ താന്‍ ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. ഇതിന് കഴിയാത്തവര്‍ നിരവധിയുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. 'കളിക്കാരനെന്ന നിലയില്‍ ഞാന്‍ ഒരു ലോകകപ്പും ഒരു ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. അഞ്ച് ടെസ്റ്റ് മാച്ചുകള്‍ വിജയിച്ച ടീമിന്‍റെ ഭാഗമായിരുന്നു ഞാന്‍. അങ്ങനെ നോക്കുമ്പോള്‍, ഒരു അന്താരാഷ്ട്ര കിരീടം പോലും നേടാനാവാത്ത കളിക്കാരുണ്ട്' - വിരാട് കോലി കൂട്ടിച്ചേര്‍ത്തു.
ALSO READ: റോസ് ടെയ്‌ലറുടെ റെക്കോഡ് പഴങ്കഥ; ടെസ്റ്റില്‍ വമ്പന്‍ നേട്ടവുമായി കെയ്‌ന്‍ വില്യംസണ്‍
എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടുമ്പോള്‍ കളിക്കാരനെന്ന നിലയില്‍ കോലിയുണ്ടായിരുന്നു. എന്നാല്‍ കോലിക്ക് കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങിയ ഇന്ത്യ ഫൈനലില്‍ തോല്‍വി വഴങ്ങിയിരുന്നു.
2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിയിലായിരുന്നു ഇന്ത്യ കീഴടങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വീണു. കോലി അവസാനമായി നയിച്ച 2021ലെ ടി20 ലോകകപ്പിലാവട്ടെ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞിരുന്നുമില്ല.