മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ തോല്‍വി അറിയാതെ കുതിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ (Mohammed Shami) തകര്‍പ്പന്‍ ഫോമാണ്. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി ലോകകപ്പില്‍ ഇതുവരെ കളിച്ചത് വെറും മൂന്ന് മത്സരങ്ങളാണ്. ഈ മൂന്ന് കളികളില്‍ നിന്നും ഇതിനോടകം തന്നെ 14 വിക്കറ്റും ഷമി സ്വന്തമാക്കിയിട്ടുണ്ട് (Mohammed Shami Bowling Stats In Cricket World Cup 2023).
ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ ആയിരുന്നു ഷമിക്ക് പുറത്തിരിക്കേണ്ടി വന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) പരിക്കേറ്റ് പുറത്തായതോടെ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ധര്‍മശാലയില്‍ ഇറങ്ങിയപ്പോള്‍ ഷമിയും പ്ലേയിങ് ഇലവനിലേക്ക് എത്തി. ഈ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ട 'റീസ്റ്റാര്‍ട്ട്' ചെയ്‌തത്.
പിന്നാലെ ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയും തന്‍റെ മികവ് ആവര്‍ത്തിച്ചു. നിലവിലെ ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഇന്ത്യ 100 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ മത്സരത്തില്‍ നാല് വിക്കറ്റാണ് മുഹമ്മദ് ഷമിയെന്ന വലംകയ്യന്‍ പേസര്‍ ഇന്ത്യയ്‌ക്കായി എറിഞ്ഞിട്ടത്. ഇതിന് പിന്നാലെ ഇന്ത്യയുടെ എതിരാളികളായെത്തിയ ശ്രീലങ്കയും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ഷമിയുടെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നിലാണ്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വെറും അഞ്ച് ഓവര്‍ മാത്രം പന്തെറിഞ്ഞാണ് മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ലോകകപ്പില്‍ കൂടുതല്‍ പ്രാവശ്യം അഞ്ച് വിക്കറ്റ് നേടിയ ബൗളര്‍ എന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (Mitchell Starc) റെക്കോഡിനൊപ്പമെത്താനും ഷമിക്കായി (Most Five Wicket Haul in Cricket World Cup). മൂന്ന് പ്രാവശ്യമാണ് ഇരുവരും ലോകകപ്പ് വേദിയില്‍ ഒരൊറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം, ലോകകപ്പില്‍ കൂടുതല്‍ പ്രാവശ്യം നാലോ അതിലധികമോ വിക്കറ്റ് നേടുന്ന ബൗളര്‍ ഇപ്പോള്‍ മുഹമ്മദ് ഷമിയാണ്. ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം താന്‍ പങ്കിട്ടിരുന്ന റെക്കോഡാണ് ഷമി ലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ തന്‍റെ പേരിലേക്ക് മാത്രം മാറ്റിയെഴുതിയത്. ഏഴ് പ്രാവശ്യമാണ് ഷമി നാലോ അതിലധികമോ വിക്കറ്റ് ലോകകപ്പില്‍ നേടിയിട്ടുള്ളത് (Most 4+ Wicket Haul In Cricket World Cup).