ചെന്നൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. (MHC Sentences IPS Officer Sampath Kumar). 2013-ലെ ഐപിഎല്‍ ( IPL betting scam case) ഒത്തുകളിയുമായി ധോണിയെ ബന്ധപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവുശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് എസ് എസ് സുന്ദർ, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ വിധിയ്‌ക്ക് എതിരെ അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സമയം സമ്പത്ത് കുമാറിന് കോടതി അനുവദിച്ചിട്ടുണ്ട്. ടെലിവിഷൻ സംവാദവുമായി ബന്ധപ്പെട്ട് സമ്പത്ത് കുമാറിനും സീ മീഡിയ കോർപറേഷനും എതിരെ 2014-ൽ എംഎസ് ധോണി കേസ് ഫയല്‍ ചെയ്‌തിരുന്നു.
100 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു ധോണിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് ഇടക്കാല ഉത്തരവിൽ ധോണിക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തുന്നതിൽ നിന്ന് സമ്പത്ത് കുമാറിനെ കോടതി വിലക്കിയിരുന്നു.
എന്നാല്‍ പിന്നീട് സുപ്രീം കോടതിയ്‌ക്കും ഹൈക്കോടതിയ്‌ക്കും എതിരെ സമ്പത്ത് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ധോണി നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കോടതി അലക്ഷ്യ കേസിലാണ് നിലവിലെ കോടതി നടപടി. ധോണിയുടെ അപകീര്‍ത്തി കേസിന്‍റെ എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു സമ്പത്ത് കുമാര്‍ ജുഡീഷ്യറിക്കെതിരായ പരാമര്‍ശം നടത്തിയത്.
അതേസമയം ധോണിക്ക് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ക്രിക്കറ്റില്‍ താരം ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചതായുള്ള വിവരം പുറത്ത് വന്നിരിക്കുകയാണ്. (Number 7 jersey of MS Dhoni). ധോണി ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബിസിസിഐ ആദരവ്. നേരത്തേ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയും ബിസിസിഐ പിന്‍വലിച്ചിരുന്നു.
വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോണിക്ക് ഇത്തരമൊരു ആദരവ് അര്‍പ്പിക്കാനുള്ള ബിസിസിഐ തീരുമാനം. ജഴ്‌സിയില്‍ ഏഴാം നമ്പര്‍ തെരഞ്ഞെടുക്കാനുള്ള കാരണം നേരത്തെ തന്നെ ധോണി വെളിപ്പെടുത്തിയിരുന്നു.
1981 ജൂലായ് ഏഴിനാണ് ധോണി ജനിച്ചത്. ജനിച്ച മാസവും ദിവസും ഏഴായതിനാലാണ് ജഴ്‌സിയുടെ നമ്പറും ഏഴായി തെരഞ്ഞെടുത്തതെന്നായിരുന്നു താരം തുറന്ന് പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തന്നെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്‌ത നായകനാണ് ധോണി.
ALSO READ: പുതിയ നായകൻ, പാണ്ഡ്യയ്ക്ക് പകരമാര്... താരലേലത്തില്‍ ഗുജറാത്തിന്‍റെ പ്ലാൻ...
2007-ല്‍ പ്രഥമ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഷെല്‍ഫിലെത്തിയത്. (ICC Trophies won by MS Dhoni). ഐസിസിയുടെ ഈ മൂന്ന് പ്രധാന ട്രോഫികളും നേടുന്ന ലോക ക്രിക്കറ്റിലെ തന്നെ ആദ്യ ക്യാപ്റ്റനാണ് ധോണി. 2010-ലും 2016-ലും ധോണിയുടെ നേതൃത്വത്തില്‍ ഏഷ്യ കപ്പും നീലപ്പട ഉയര്‍ത്തിയിട്ടുണ്ട്.