ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്ബാസ്റ്റൺ ടെസ്റ്റിൽ നായകൻ രോഹിത് ശർമ്മയ്‌ക്ക് പകരം മായങ്ക് അഗര്‍വാൾ ടീമിൽ. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി രോഹിത് കൊവിഡ് മുക്തനാകുമോ എന്ന സംശയത്തെ തുടർന്നാണ് ബാക്ക് അപ്പ് ആയി മായങ്കിനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഇംഗ്ലണ്ടിൽ ക്വാറന്‍റൈൻ നിർബന്ധമല്ലാത്തതിനാൽ അഗർവാളിന് നേരിട്ട് ടീമിനൊപ്പം ചേരാം.
അഗർവാൾ ഇതുവരെ 21 ടെസ്റ്റുകളിൽ 41.33 ശരാശരിയിൽ 1488 റൺസ് നേടിയിട്ടുണ്ട്. മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാനമായി ടെസ്‌റ്റ് കളിച്ചത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ മൂന്ന് ഇന്നിങ്ങ്‌സുകളിലായി 59 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായിരുന്നത്.
രോഹിത്തിന് നിര്‍ണായക ടെസ്റ്റില്‍ കളിക്കാനാവുമോ എന്നുറപ്പില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ് രോഹിത്. താരത്തിന് കളിക്കാനായില്ലെങ്കില്‍, ശുഭ്‌മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണ്‍ ചെയ്യേണ്ടി വരും. നേരത്തെ, പരിക്ക് കാരണം കെ എല്‍ രാഹുലിനും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
ഈ സാഹചര്യത്തിൽ നിർണായക മത്സരത്തിൽ ഇന്ത്യൻ ടീമിനെ ആര് നയിക്കും എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയർന്നുവരുന്നത്. വിരാട് കോലിയെ വീണ്ടും നായകനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വളരെ വിദൂരമാണ്. അതേസമയം, രോഹിതിന്‍റെ അഭാവത്തിൽ പേസർ ജസ്‌പ്രീത് ബുംറ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചന.
ALSO READ: IND VS ENG | രോഹിത്തും രാഹുലുമില്ല ; നായകനായി ബുംറ എത്തിയേക്കും, കാത്തിരിക്കുന്നത് അപൂർവ നേട്ടം
ശനിയാഴ്‌ച നടത്തിയ റാപിഡ് ആന്‍റിജന്‍ ടെസ്റ്റിലാണ് രോഹിത് കൊവിഡ് പോസിറ്റീവായത്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള ലെസ്റ്റർഷയറിനെതിരായ ചതുർദിന മത്സരത്തിൽ രോഹിത് ശർമ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്‌ത രോഹിത്, രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ അദ്ദേഹം 25 റൺസ് നേടിയിരുന്നു.