ഹാമില്‍ട്ടണ്‍ : അന്താരാഷ്‌ട്ര കിക്കറ്റില്‍ നിന്നും വിരമിച്ച ന്യൂസിലാന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരം മാര്‍ട്ടിന്‍ ഗപ്‌റ്റില്‍. കിവീസ് ടീമില്‍ ടെയ്‌ലറെ ഏവരും മിസ് ചെയ്യുമെന്നും താരം ടീമിലുണ്ടാവില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും ഗപ്‌റ്റില്‍ പറഞ്ഞു.
"അവൻ ന്യൂസിലാൻഡ് ടീമിൽ നിന്ന് പുറത്ത് പോകുന്നത് ഞങ്ങൾ അവസാനമായി കണ്ടു. നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ അത് കൂടുതൽ വികാരാധീനമായിരിക്കും, റോസ് ഇനി ഇവിടെ ഉണ്ടാകില്ല. അത് കഠിനമായിരിക്കും, പക്ഷേ അയര്‍ലന്‍ഡിനെതിരായ പരമ്പര ന്യൂസിലാൻഡ് നേടിയത് ആഘോഷിക്കുന്ന ഒരു നല്ല രാത്രി ഞങ്ങൾ ആസ്വദിക്കും" മാർട്ടിൻ ഗപ്റ്റിൽ പറഞ്ഞു.
"റോസ്‌കോ (റോസ് ടെയ്‌ലർ) ഒരു സമ്പൂർണ ഇതിഹാസമാണ്, ടീമില്‍ എല്ലാവരും അവനെ മിസ് ചെയ്യാൻ പോകുന്നു. വരും വർഷങ്ങളിൽ നമുക്ക് വീണ്ടും ഒന്നിക്കാം" മാർട്ടിൻ ഗപ്റ്റിൽ കൂട്ടിച്ചേര്‍ത്തു.
അതേസമയം 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് റോസ് ടെയ്‌ലര്‍ അവസാനിപ്പിച്ചത്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് താരം ക്രീസില്‍ നിന്നും വിടപറഞ്ഞത്. അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കിവീസ് ഏകപക്ഷീയമായി സ്വന്തമാക്കിയിരുന്നു.
ഈ വര്‍ഷമാദ്യം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തന്‍റെ അവസാന ടെസ്റ്റ് മത്സരം താരം കളിച്ചിരുന്നു. ഹോം ഗ്രൗണ്ടായ സെഡന്‍ പാര്‍ക്കില്‍ അവസാന മത്സരം കളിക്കണമെന്ന ടെയ്‌ലറുടെ ആഗ്രഹം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാധിച്ചുനല്‍കുകയായിരുന്നു. അവസാന മത്സരത്തില്‍ 14 റണ്‍സ് നേടിയ ടെയ്‌ലറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അയര്‍ലന്‍ഡ് ടീം മടക്കിയയച്ചത്.
also read: സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആസ്വദിച്ച് കളിക്കുന്നു : ജോസ് ബട്‌ലര്‍
അന്താരാഷ്‌ട്ര ഏകദിനത്തില്‍ 2006ല്‍ അരങ്ങേറ്റം കുറിച്ച താരം തൊട്ടടുത്ത വര്‍ഷം ടെസ്റ്റിലും അരങ്ങേറി. കിവീസിനായി 112 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 19 സെഞ്ചുറിയടക്കം 7,683 റണ്‍സ് നേടിയിട്ടുണ്ട്. 236 ഏകദിനങ്ങളില്‍ നിന്ന് 8,593 റണ്‍സും 102 ടി20 മത്സരങ്ങളില്‍ നിന്ന് 1,909 റണ്‍സുമാണ് സമ്പാദ്യം.