കൊല്‍ക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സൗരവ് ഗാംഗുലിക്ക് അനുമതി നല്‍കാത്തതില്‍ ബിസിസിഐയെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗാംഗുലിക്കെതിരെ ബിസിസിഐ സ്വീകരിക്കുന്ന നിലപാട് രാഷ്‌ട്രീയ പകപോക്കലാണെന്നും മമത ആരോപിച്ചു. ഐസിസി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ മുന്‍ ബിസിസിഐ പ്രസിഡന്‍റിനെ നാമനിമര്‍ദേശം ചെയ്യാതിരുന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നായിരുന്നു. ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള ഒരാളായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിലെ പലരോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു, ഇതിനായി തുറന്ന അപേക്ഷ നല്‍കിയെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച മമത ബാനര്‍ജി പറഞ്ഞു.
അജ്ഞാതമായ ചില കാരണങ്ങള്‍ കൊണ്ടും, ചിലരുടെ സ്വന്തം സ്വാര്‍ഥത കൊണ്ടുമാണ് സൗരവ് ഗാംഗുലിക്ക് നഷ്‌ടങ്ങള്‍ സംഭവിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ആരുടെയും പേര് വെളിപ്പെടുത്താതെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.