പ്രിട്ടോറിയ: മലയാളി താരം നജ്‌ല നൗഷാദിന്‍റെ ബോളിങ് മികവില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 വനിത ടീമിനെതിരായ നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ ഉയര്‍ത്തിയ 86 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 87 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്.
മത്സരത്തില്‍ നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് മലപ്പുറം ജില്ലക്കാരിയായ നജ്‌ല വീഴ്‌ത്തിയത്. മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് മലയാളി താരത്തിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു.
36 പന്തില്‍ 18 റണ്‍സെടുത്ത കെയ്‌ല റെയ്‌നെകെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. പുറത്തായതില്‍ മറ്റ് രണ്ട് താരങ്ങളാണ് രണ്ടക്കം തൊട്ടത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റ് വീഴ്‌ത്തിയാണ് നജ്‌ല തുടങ്ങിയത്.
സിമോണ്‍ ലോറന്‍സിനെ നജ്‌ലയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ചാഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജെമ്മ ബോത്തയെ ബൗള്‍ഡാക്കിയ താരം അയന്‍ഡ ഹ്ലുബിയെയെ ഷഫാലി വര്‍മയുടെ കയ്യിലെത്തിച്ചു. ഇന്ത്യയ്‌ക്കായി ഫലക് നാസ് രണ്ടും യശ്വശ്രീ മന്നത്ത് കശ്യപ്, സോണിയ മെന്‍ഡിയ, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മ (29), റിച്ചാഘോഷ് (15), സൗമ്യ തിവാരി (14) എന്നിവരാണ് ഇന്ത്യയ്‌ക്കായി തിളങ്ങിയത്. വിജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ 54 റണ്‍സിന് ജയിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചു.
പരമ്പരയിലെ അവസാന മത്സരം ഇന്ന് ഉച്ചയ്‌ക്ക് നടക്കും. ജനുവരി 14ന് ആരംഭിക്കുന്ന അണ്ടര്‍ 19 വനിത ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കുന്നത്.
Also read: ആതിയ ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കിട്ട രാഹുലിന് മോശം ട്രോളുകൾ