മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian premier league 2024) പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നീക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മ വഴിയൊരുക്കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain).
ഫ്രാഞ്ചൈസിയുടെ തീരുമാനത്തിനെതരിയുണ്ടായ ആരാധക രോഷം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍സി മാറ്റത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്‍റെ ഗ്ലോബൽ പെർഫോമൻസ് തലവന്‍ മഹേല ജയവർധനെ.(Mahela Jayawardene on Hardik Pandya captaincy).
തീരുമാനം ഭാവി മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് ശ്രീലങ്കയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന മഹേല ജയവർധനെ ആവര്‍ത്തിക്കുന്നത്. "ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ് ഞങ്ങള്‍ക്ക് തയ്യാറാക്കേണ്ടത്. ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തുകയെന്നത് എറെ കഠിനമായ തീരുമാനമായിരുന്നു. പക്ഷെ, ഞങ്ങൾക്ക് അതു എടുക്കേണ്ടി വന്നു.
സത്യസന്ധമായി പറഞ്ഞാൽ ഇതു വൈകാരികം കൂടിയാണ്. എന്നാൽ ഏതൊരു കളിക്കാരനും സംഭാവന ചെയ്ത ഓരോ നിമിഷത്തേയും ഞങ്ങള്‍ പ്രോത്‌സാഹിപ്പിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുമെന്ന കാര്യം മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമായിരുന്ന എല്ലാവര്‍ക്കും തന്നെ വ്യക്തമായി അറിയാം. ടീമിന്‍റെ പാരമ്പര്യം മഹത്തരമാക്കാനാണ് എല്ലായ്‌പ്പോഴും ശ്രമം നടത്തുന്നത്.
ഇതോടൊപ്പം വിജയത്തിനായി പോരാടുകയും കിരീടങ്ങള്‍ നേടാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കുകയും വേണം. മുന്നോട്ടുപോകുമ്പോഴുള്ള പ്രധാന ശ്രദ്ധയും അതില്‍ തന്നെയാണ്. ഒരു മികച്ച യൂണിറ്റ് എന്ന നിലയിൽ, അത് ചെയ്യാനുള്ള വൈദഗ്ദ്ധ്യം ഞങ്ങൾക്കുണ്ട്. ഇതു വളരെ പെട്ടെന്നുള്ള ഒരു തീരുമാനമായിപ്പോയി എന്നാണ് എല്ലാവരും കരുതുക. പക്ഷേ എന്തു തന്നെ ആയാലും, ഒരു ഘട്ടത്തിൽ ഞങ്ങൾ എടുക്കേണ്ട തീരുമാനം തന്നെയാണിത്"- മഹേല ജയവർധനെ പറഞ്ഞു.
രോഹിത് കൂടെയുണ്ടാവും: ഐപിഎൽ 2024-ൽ രോഹിത്തിന് പകരം ഹാർദിക്കിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം കൂട്ടായതാണെന്നും ടീമിലുള്ള എല്ലാവരും ഇതു അംഗീകരിച്ചിട്ടുണ്ടെന്നും ജയവർധനെ കൂട്ടിച്ചേര്‍ത്തു. "വരാനിരിക്കുന്ന തലമുറയെ നയിക്കാൻ രോഹിത് ടീമിലും കളിക്കളത്തിന് പുറത്തും ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. രോഹിത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു അസാമാന്യ വ്യക്തിയാണ്. അദ്ദേഹം മുംബൈയ്‌ക്ക് വഴികാട്ടുന്ന പാരമ്പര്യത്തിന്‍റെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്" മഹേള ജയവര്‍ധന പറഞ്ഞു.
സച്ചിനത് ചെയ്‌തു: ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു സച്ചിൻ ടെണ്ടുൽക്കറും മറ്റ് ക്യാപ്റ്റന്മാരുടെ കീഴില്‍ കളിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. "സച്ചിന്‍റെ ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും മുംബൈ നേരത്തെ സമാനമായ തീരുമാനം എടുത്തിരുന്നു. അദ്ദേഹം ടീമിന്‍റെ നേതൃത്വം മറ്റൊരാൾക്ക് നൽകുകയും മുംബൈ ഇന്ത്യൻസ് ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇപ്പോഴുണ്ടായ തീരുമാനവും സമാനമാണ്" ജയവര്‍ധനെ പറഞ്ഞു നിര്‍ത്തി.
ALSO READ: മല്ലിക സാഗർ...ഐപിഎല്‍ ലേലത്തിലെ പണക്കിലുക്കത്തിന് ചുറ്റിക വീശിയ ആദ്യ വനിത