ധാക്ക: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമിനെ ലിറ്റൻ ദാസ് നയിക്കും. നായകൻ തമീം ഇക്‌ബാലിനെ പരിക്കുമൂലം ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് ലിറ്റൻ ദാസിനെ നായകാനായി പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെയാണ് തമീം ഇക്‌ബാലിന് തുടയിൽ പരിക്കേറ്റത്. താരത്തിന് രണ്ടാഴ്‌ചത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലും താരം കളിക്കുന്ന കാര്യം സംശയത്തിലായി. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്‌കിന്‍ അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറം വേദനയത്തെടർന്നാണ് താരത്തിന് ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ടസ്‌കിന് പകരം ഷൊറീഫുള്‍ ഇസ്ലാമിനെ ബാക്ക് അപ്പായി ബംഗ്ലാദേശ് ടീമിലെടുത്തിട്ടുണ്ട്.
ജഡേജയില്ലാതെ ഇന്ത്യൻ ടീം: ഡിസംബർ നാലിന് ധാക്കയിലാണ് ആദ്യ ഏകദിനം നടക്കുക. ഡിസംബർ 7ന് രണ്ടാം ഏകദിനവും 10ന് ചാട്ടോഗ്രാമിൽ അവസാന ഏകദിനവും നടക്കും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബർ 14, 19 തീയതികളിലായി നടക്കും. ടി20 ലോകകപ്പിന് ശേഷം സീനിയർ താരങ്ങൾ തിരിച്ചെത്തുന്ന പരമ്പരയിൽ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുറത്തിരുത്തിയാണ് ഇന്ത്യ ബംഗ്ലാദേശിലേക്കെത്തുന്നത്. പരിക്കിൽ നിന്ന് പൂർണമായും മുക്‌തമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്.
പകരക്കാരാനായി ഷഹ്‌ബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം നട്ടെല്ലിന് താഴെ പരിക്കേറ്റ പേസര്‍ യഷ് ദയാലിനും പരമ്പര നഷ്‌ടമാകും. ദയാലിന് പകരക്കാരനായി കുല്‍ദിപ് സെന്നിനെയും ടീമില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശില്‍ കളിക്കുന്ന ഇന്ത്യന്‍ എ ടീമിൽ മലയാളി താരം രോഹന്‍ കുന്നുമ്മൽ ഇടം നേടിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍ നായകനായ ടീം രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് കളിക്കുക.
ALSO READ: പരിക്ക് മാറിയില്ല, ബംഗ്ലാദേശ് പര്യടനത്തിലും ജഡേജയില്ല; ഇന്ത്യന്‍ എ ടീമില്‍ മലയാളി സാന്നിധ്യം
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, ശർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ
ബംഗ്ലാദേശ് ടീം: ലിറ്റൺ കുമർ ദാസ്, അനമുൽ ഹേഗ് ബിജോയ്, ഷാക്കിബ് അൽ ഹസൻ, മുഷ്‌ഫിഖുർ റഹീം, അഫീഫ് ഹുസൈൻ, യാസിർ ഓൾ ചൗധരി, മെഹിദി ഹസൻ മിറാസ്, മുസ്‌തഫിസുർ റഹ്മാൻ, തസ്‌കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, ഇബാദത്ത് ഹുസൈൻ ചൗധരി, നാസും അഹമ്മദ്, മഹ്മൂദ് ഉള്ള, നസ്‌മുൽ ഹുസൈൻ ഷാന്‍റോ, കാസി നൂറുൽ ഹസൻ സോഹൻ, ശരീഫുൾ ഇസ്ലാം.