ലണ്ടന്‍ : ഇതിഹാസ പാകിസ്ഥാൻ ക്രിക്കറ്റര്‍ സഹീർ അബ്ബാസ് (74) ഐസിയുവില്‍. കൊവിഡ് ബാധിതനായതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അബ്ബാസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ലണ്ടനിലെ സെന്‍റ് മേരീസ് ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചതെന്ന് ക്രിക്കറ്റ് പാകിസ്ഥാൻ അറിയിച്ചു.
യുഎഇയിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് അബ്ബാസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കിഡ്‌നി സംബന്ധമായ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെ ന്യുമോണിയയും സ്ഥിരീകരിച്ചു.
പാകിസ്ഥാനായി 78 ടെസ്റ്റുകള്‍ കളിച്ച അബ്ബാസ് 5000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളുള്‍പ്പടെയാണ് താരത്തിന്‍റെ പ്രകടനം. 459 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 108 സെഞ്ച്വറിയും 158 അര്‍ധ സെഞ്ച്വറിയും സഹിതം 34,843 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
കരിയര്‍ അവസാനിച്ചതിന് ശേഷം ഐസിസി മാച്ച് റഫറിയായും പ്രവര്‍ത്തിച്ചു. 2020ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലും അബ്ബാസ് ഇടം പിടിച്ചിരുന്നു.