ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലുടനീളം മോശം പ്രകടനമാണ് ഇന്ത്യയുടെ റണ്‍ മെഷീൻ വിരാട് കോലി കാഴ്‌ചവെച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഒരു റണ്‍സും രണ്ടാം ഇന്നിങ്സിൽ 19 റണ്‍സുമായി പുറത്താകാതെ നിന്ന കോലി രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 24 റണ്‍സും നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ 1 റണ്‍സുമാണ് നേടിയത്. ഇപ്പോൾ താരത്തിന്‍റെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല്യകാല പരിശീലകനായ രാജ്‌കുമാർ ശർമ.
വിരാട് കോലി പുറത്താകുന്ന രീതി സ്വീകാര്യമല്ലെന്നാണ് രാജ്‌കുമാർ ശർമ വ്യക്‌തമാക്കിയിരിക്കുന്നത്. ക്രിക്കറ്റിൽ ഒരു ബാറ്റർ പുറത്താകുന്നത് വലിയ കാര്യമല്ല. എന്നാൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ കോലി പുറത്തായ രീതി സ്വീകാര്യമല്ല. കോലിയെപ്പോലൊരു ക്ലാസ് ബാറ്റർ ബംഗ്ലാദേശ് സ്‌പിന്നർമാർക്കെതിരെ മോശം രീതിയിൽ പുറത്താകുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം കൂടുതൽ ശ്രദ്ധിക്കണമായിരുന്നു.
സർക്കിളിനുള്ളിൽ മിഡ്-ഓൺ, മിഡ്-ഓഫ് ഫീൽഡർമാരുണ്ടായിരുന്നെങ്കിൽ അവന് കുറച്ചുകൂടി സ്വതന്ത്രമായി കളിക്കാമായിരുന്നു. ബോളെറിയാൻ വരുന്ന ഒരു സ്‌പിന്നറെ മികച്ച ഷോട്ട് കളിക്കാൻ ശ്രമിച്ച് അസ്വസ്ഥനാക്കിയില്ലെങ്കിൽ അവൻ നിങ്ങളെ കളിക്കാൻ അനുവദിക്കില്ല. പുറത്തു നിന്നുള്ള പന്ത് സ്വീപ്പ് ചെയ്‌തോ അല്ലെങ്കിൽ സ്ലോഗ് സ്വീപ് പോലുള്ള രീതിയോ ഉപയോഗിച്ച് ബോളർമാരെ പ്രതിരോധത്തിലാക്കാൻ കോലി ശ്രമിക്കണമായിരുന്നു. രാജ്‌കുമാർ ശർമ വ്യക്‌തമാക്കി.
അതേസമയം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ചിറ്റഗോങ്ങിലെ ആദ്യ ടെസ്റ്റിൽ 188 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ മത്സരത്തിലെ താരവും ചേതേശ്വര്‍ പുജാര പരമ്പരയുടെ താരവുമായി.