ഇന്‍ഡോര്‍: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം നായക സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്ക് പകരം കെഎൽ രാഹുലിനെ ചുമതലയേല്‍പ്പിക്കണമെന്ന് ബിസിസിഐ മുൻ സെക്രട്ടറി സഞ്ജയ് ജഗ്‌ദലെ. രാഹുലിന്‍റെ പ്രായക്കുറവടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ജഗ്‌ദലെയുടെ അഭിപ്രായപ്രകടനം.
"അടുത്ത ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ കൂടുതൽ കാലം ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന ആളായിരിക്കണം എന്ന് എനിക്ക് തോന്നുന്നു. അതിനാൽ, അടുത്തതായി കെഎൽ രാഹുലിന്റെ പേര് ഞാൻ നിർദേശിക്കും" മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ (എംപിസിഎ) ഭാരവാഹി കൂടിയായ ജഗ്‌ദലെ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ സംഭാവനകൾ ആർക്കും അവഗണിക്കാനാകില്ലെന്നും ജഗ്‌ദലെ കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതിയ ടെസ്റ്റ് നായകനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉപനായകനായി രോഹിത് ശര്‍മയെ പ്രഖ്യാപിച്ചിരുന്നെങ്കിലും താരം പരിക്കേറ്റ് പുറത്തായതോടെ കെഎല്‍ രാഹുലിന് സ്ഥാനം ലഭിച്ചിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കോലി കളിക്കാതിരുന്നതിനെ തുടര്‍ന്ന് ടീമിനെ നയിച്ചതും രാഹുലാണ്.
also read: കോലിയുടേത് വ്യക്തിപരമായ തീരുമാനം, ബിസിസിഐ മാനിക്കുന്നു : സൗരവ് ഗാംഗുലി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് ഏഴ് വര്‍ഷം നീണ്ട നായക പദവി കോലി രാജിവെച്ചത്. ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവച്ച താരത്തെ, ഏകദിന നായകസ്ഥാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
എംഎസ് ധോണിക്ക് പകരക്കാരനായി 2014ലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്നത്. 68 ടെസ്റ്റുകളിൽ കോലിക്ക് കീഴിലിറങ്ങിയ ഇന്ത്യ 40 എണ്ണത്തിൽ ജയിച്ചിട്ടുണ്ട്. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം. കൂടാതെ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ വരെ എത്തിക്കാനും കോലിക്ക് സാധിച്ചു.