ചെന്നൈ: ആവേശകരമായ ജയമായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 199 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 42-ാം ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് മത്സരത്തില്‍ ഇന്ത്യയുടെ ജയത്തിലും നിര്‍ണായകമായത്.
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി 116 പന്തില്‍ 85 റണ്‍സുമായി മടങ്ങിയപ്പോള്‍ കെഎല്‍ രാഹുല്‍ 115 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും കെഎല്‍ രാഹുലിന് അര്‍ഹിച്ച സെഞ്ച്വറി നഷ്‌ടപ്പെടാനുള്ള കാരണം ഹാര്‍ദിക് പാണ്ഡ്യ ആണെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വാദം. മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ പാണ്ഡ്യ 8 പന്തില്‍ 11 റണ്‍സായിരുന്നു നേടിയത്.
അനായാസം ജയത്തിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ റണ്‍സ് അടിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചതുകൊണ്ടാണ് രാഹുലിന് സെഞ്ച്വറി നഷ്‌ടമായതെന്നാണ് ഒരുകൂട്ടം ആരാധകരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുലിന്‍റെ പ്രതികരണം മറ്റൊന്നാണ്...
38-ാം ഓവറില്‍ വിരാട് കോലി പുറത്തായപ്പോഴായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ക്രീസിലേക്ക് എത്തിയത്. ഈ സമയം 102 പന്തില്‍ 75 റണ്‍സായിരുന്നു രാഹുലിന്‍റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സിംഗിളുകളോടെ ആയിരുന്നു പാണ്ഡ്യയും റണ്‍സടിച്ച് തുടങ്ങിയത്.
ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 40-ാം ഓവറിലെ അഞ്ചാം പന്താണ് പാണ്ഡ്യ അതിര്‍ത്തി കടത്തിയത്. ഇതോടെ, വിജയലക്ഷ്യത്തിലേക്ക് എത്താന്‍ അവസാന 10 ഓവറില്‍ 18 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. മാക്‌സ്‌വെല്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ രണ്ട് പന്തും അതിര്‍ത്തി കടത്താന്‍ രാഹുലിനും സാധിച്ചു.
41 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 91 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. അഞ്ച് റണ്‍സ് ദൂരം മാത്രമായിരുന്നു ഈ സമയം ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ ആദ്യം ഫോര്‍ അടിച്ച ശേഷം പിന്നീട് സിക്‌സറിലൂടെ മത്സരം ഫിനിഷ് ചെയ്യാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍ എറിഞ്ഞ 42-ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി പായിക്കാനുള്ള രാഹുലിന്‍റെ ശ്രമം സിക്‌സറായി മാറുകയായിരുന്നു.
ഇതോടെയാണ് താരത്തിന് മത്സരത്തില്‍ സെഞ്ച്വറി നഷ്‌ടമായതും. ഫോറും സിക്‌സും അടിച്ച് സെഞ്ച്വറിയിലേക്ക് എത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അത് ഇത്തവണ നടന്നില്ലെന്നും മത്സരശേഷം കെഎല്‍ രാഹുല്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു (KL Rahul on Missing Century).