മുംബൈ : പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ യുവതാരം റിഷഭ് പന്തിന്‍റെ പ്രകടനം നിര്‍ണായകമാവുമെന്ന് മുന്‍ വിക്കറ്റ് കീപ്പറും സെലക്ടറുമായ കിരണ്‍ മോറെ. വിക്കറ്റിന് പിന്നിലും പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് കരുതുന്നതായും മോറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും റിഷഭ് പന്ത് ഒരിക്കല്‍ കൂടി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം.
ബാറ്റിങ്ങിന് ഏത് പൊസിഷനിലും ഇറങ്ങി മത്സരം മാറ്റിമറിക്കാനാകുമെന്ന് പന്തിന് ആത്മവിശ്വാസം വന്നതായി തോന്നുന്നു. താരം നിലയുറപ്പിച്ച് കഴിഞ്ഞതായി വിശ്വസിക്കുന്നുവെന്നും മോറെ പറഞ്ഞു.
also read: കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ വിലക്ക്
നടക്കാനിരിക്കുന്നത് പന്തിന്‍റെ രണ്ടാം ഇംഗ്ലണ്ട് പര്യടനമാണ്. 2019ലെ ലോകകപ്പ് കണക്കിലെടുത്താല്‍ മൂന്നാം പര്യടനം. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ താരത്തിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യുകെയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള പന്തിന് വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് മത്സരം നടക്കുക.