ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) മൂന്നാം കിരീടം തേടി ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ… അവസാന ജയം ആര്‍ക്കൊപ്പമാകുമെന്ന് അറിയുന്നതിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ് (India vs Australia Final). തികച്ചും വ്യത്യസ്തമായിരുന്നു ലോകകപ്പ് ഫൈനലിലേക്കുള്ള ഇരു ടീമുകളുടെയും പ്രയാണം. കളിച്ച എല്ലാ മത്സരവും ജയിച്ച ഇന്ത്യയും തോല്‍വികളില്‍ നിന്നും കരകയറിയെത്തുന്ന ഓസീസും നേര്‍ക്കുനേര്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ആവേശ ഫൈനല്‍ തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഓരോ മത്സരം കഴിയുമ്പോഴും കരുത്താര്‍ജിക്കുന്ന ഇന്ത്യയെ ആണ് ഈ ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചത്. മറുവശത്ത് തിരിച്ചടികളില്‍ നിന്നും കരകയറി തങ്ങള്‍ ചാമ്പ്യന്‍ ടീമാണെന്ന് തെളിയിക്കുന്ന ഓസ്‌ട്രേലിയയേയും. ഇങ്ങനെയുള്ള തുല്യശക്തികള്‍ പോരടിക്കാനിറങ്ങുമ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ കരുതിയിരിക്കേണ്ട താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മ vs ജോഷ് ഹെയ്‌സല്‍വുഡ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ കുതിപ്പില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. ഓരോ മത്സരങ്ങളിലും ടീം ഇന്ത്യയ്‌ക്ക് വെടിക്കെട്ട് തുടക്കം സമ്മാനിക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള 10 മത്സരങ്ങളില്‍ നിന്നും 124.15 സ്ട്രൈക്ക് റേറ്റില്‍ 550 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
നേരത്തെ ഇടംകയ്യന്‍ പേസര്‍മാര്‍ക്ക് മുന്നിലായിരുന്നു രോഹിത് പലപ്പോഴും വീണിരുന്നത്. എന്നാല്‍, ഈ ലോകകപ്പില്‍ ആ തെറ്റ് തിരുത്താന്‍ ഇന്ത്യന്‍ നായകന് സാധിച്ചു. ട്രെന്‍റ് ബോള്‍ട്ട്, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കെതിരായ രോഹിതിന്‍റെ ബാറ്റിങ്ങെല്ലാം ഇതിനുള്ള ഉദാഹരണമാണ്.
എന്നാല്‍, ഈ ലോകകപ്പില്‍ സ്വിങ് ബൗളര്‍മാര്‍ക്കെതിരെ അത്ര മികച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകന് ഏറെ വെല്ലുവിളിയാകാന്‍ പോകുന്ന ബൗളര്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആകാനാണ് സാധ്യത. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് രോഹിതിനെ വീഴ്‌ത്തിയ ബൗളറും ഹെയ്‌സല്‍വുഡാണ്.
വിരാട് കോലി vs ആദം സാംപ: ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മിന്നും ഫോമിലുള്ള ബാറ്ററാണ് വിരാട് കോലി. ഇതുവരെ കളിച്ച 10 മത്സരങ്ങളിലും സ്ഥിരതയോടെ ബാറ്റ് വീശി ടീമില്‍ തന്‍റെ റോള്‍ കൃത്യമായി ചെയ്‌ത കോലി അടിച്ചെടുത്തത് 711 റണ്‍സാണ്. ഫൈനലിലും വിരാട് കോലിയുടെ ബാറ്റിങ് മികവിനെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മറുവശത്ത് കോലി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ആദം സാംപയെ ഉപയോഗിച്ചുള്ള തന്ത്രങ്ങളായിരിക്കും കങ്കാരുപ്പട കലാശപ്പോരാട്ടത്തില്‍ പയറ്റുന്നത്. ഏകദിന ക്രിക്കറ്റിലെ 20 ഇന്നിങ്‌സില്‍ അഞ്ച് പ്രാവശ്യം കോലിയെ പുറത്താക്കാനും സാംപയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരവും സാംപയാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍ vs കുല്‍ദീപ് യാദവ്: ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമിലെ എക്‌സ് ഫാക്ടറാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബാറ്റിങ് മികവ് കൊണ്ടും ബൗളിങ് മികവ് കൊണ്ടും ഏത് സമയത്തും കളിയുടെ ഗതിമാറ്റയെഴുതാന്‍ മാക്‌സ്‌വെല്ലിന് സാധിക്കും. ക്രിക്കറ്റില്‍ ബൗളറെന്ന മാക്‌സ്‌വെല്ലിനേക്കാള്‍ കൂടുതല്‍ അപകടകാരി മാക്‌സ്‌വെല്‍ എന്ന ബാറ്ററാണ്.
ക്രീസില്‍ നിലയുറപ്പിച്ച് ഏത് ബൗളിങ് യൂണിറ്റിനെയും അടിച്ചൊതുക്കാന്‍ ശേഷിയുള്ള ബാറ്ററാണെങ്കിലും സ്പിന്നര്‍മാരാണ് പലപ്പോഴും മാക്‌സ്‌വെല്ലിന് വിനയാകുന്നത്. ഈ സാഹചര്യത്തില്‍ സ്പിന്‍ കെണിയൊരുക്കി മാക്‌സ്‌വെല്ലിനെ വീഴ്‌ത്തുക എന്നതായിരിക്കും ഇന്ത്യയുടെ പദ്ധതി. പ്രാഥമിക റൗണ്ടില്‍ മാക്സിയെ വീഴ്‌ത്തിയ കുല്‍ദീപ് യാദവിന് തന്നെയാകും ഇപ്രാവശ്യവും ഇന്ത്യന്‍ നായകന്‍ പന്തേല്‍പ്പിക്കുന്നത്.
മുഹമ്മദ് ഷമി vs ഓസ്‌ട്രേലിയ: ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാണ് ലോകകപ്പ് ഫൈനലിലെ ഓസ്‌ട്രേലിയന്‍ സാധ്യതകള്‍. ഇതുവരെ ആറ് മത്സരം മാത്രം കളിച്ച ഷമി 23 വിക്കറ്റാണ് ലോകകപ്പില്‍ നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള ഷമിയെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
ഈ ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഷമിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ലോകകപ്പിന് മുന്‍പ് നടന്ന ഏകദിന പരമ്പരയില്‍ ഓസീസിനെതിരെ പന്തെറിഞ്ഞ ഷമി ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
Also Read : തുടര്‍ജയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ വരട്ടെ, ഈ ഓസീസിനെയും ഇന്ത്യ ഭയക്കണം; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍