തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം അലങ്കോലമാക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിച്ചെന്ന ആരോപണവുമായി കളിയുടെ മുഖ്യ സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. വൈദ്യുതി കുടിശിക, വെള്ളക്കരം കുടിശിക എന്നിവയെല്ലാം മത്സരം പ്രഖ്യാപിച്ച ശേഷം പൊക്കിയെടുത്തത് ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും കെസിഎ ആരോപിച്ചു.
3 വർഷം മുൻപാണ് തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മത്സരം നടന്നത്. അതിനു ശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം പല സംഘടനകളും സ്ഥാപനങ്ങളും ഉപയോഗിച്ചു വരികയാണ്. അവരിൽ നിന്നെല്ലാം വൈദ്യുതി ചാർജും, വെള്ളക്കര കുടിശികയും ഈടാക്കുന്നതിനു പകരം മത്സരം പ്രഖ്യാപിച്ച ശേഷം പൊടുന്നനെ ഉദ്യോഗസ്ഥരിൽ ചിലർ രംഗത്തു വരുന്നത് സ്‌മാർട്ടാകാനാണെന്നും കെസിഎ പറഞ്ഞു.
സർക്കാരിൻ്റെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് മുന്നോട്ടു പോകുന്നത്. കെസിഎക്ക് സ്വന്തമായി സ്റ്റേഡിയം ഉണ്ടാക്കുക എന്നത് മാത്രമാണ് പോം വഴിയെന്നും ഇക്കാര്യം സജീവ പരിഗണനയിലാണെന്നും കെസിഎ സെക്രട്ടറി ശ്രീജിത് വി നായർ പറഞ്ഞു. അതേസമയം 28 ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പങ്കെടുക്കുമെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.