കാണ്‍പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് കൊവിഡ് വാക്‌സിനെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കാണ്‍പുര്‍ ജില്ലാ ഭരണകൂടം. സ്ലോട്ട് ബുക്ക് ചെയ്ത ആശുപത്രിയില്‍ നിന്നും വാക്സിനെടുക്കാതെ ഗസ്റ്റ് ഹൗസില്‍ വെച്ച് എടുത്തതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് താരം കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലോ മറ്റു വാക്‌സിന്‍ സെന്‍ററിലോ വെച്ചല്ല താരം കുത്തിവെപ്പ് എടുത്തതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് വാക്‌സിന്‍ സെന്‍ററാണെന്നായിരുന്നു കുല്‍ദീപിന്‍റെ മറുപടി.
also read: മെസിയുമല്ല, റോണോയുമല്ല; യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിന് പുതിയ അവകാശി
അതേസമയം കാണ്‍പുരിലെ നഗര്‍ നിഗം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കുല്‍ദീപ് വാക്‌സിന്‍ സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഗോവിന്ദ് നഗറിലെ ജഗേശ്വര്‍ ആശുപത്രിയിലായിരുന്നു വാക്‌സിന്‍ സ്വീകരിക്കാന്‍ കുല്‍ദീപ് സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്. സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.എം അതുൽ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് അലോക് തിവാരി പറഞ്ഞു.