വെല്ലിങ്‌ടണ്‍: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട വിദേശ കളിക്കാരില്‍ പ്രമുഖനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണ്‍. 2015ൽ ഹൈദരാബാദിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച വില്യംസണുമായുള്ള എട്ട് വര്‍ഷത്തെ ബന്ധമാണ് ഫ്രാഞ്ചൈസി അവസാനിപ്പിച്ചത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
തന്‍റെ എട്ട് വര്‍ഷങ്ങള്‍ ആസ്വാദ്യകരമാക്കിയതിന് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞ വില്യംസണ്‍ ഈ ടീമും ഹൈദരാബാദ് നഗരവും എപ്പോഴും തനിക്ക് വളരെ സവിശേഷമായിരിക്കുമെന്നാണ് എഴുതിയിരിക്കുന്നത്.
"ഫ്രാഞ്ചൈസി, എന്‍റെ ടീമംഗങ്ങൾ, സ്റ്റാഫ്, എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഓറഞ്ച് ആര്‍മി എന്നിവർക്ക് എന്‍റെ എട്ട് വർഷം ആസ്വാദ്യകരമാക്കിയതിന് നന്ദി. ഈ ടീമും ഹൈദരാബാദ് നഗരവും എപ്പോഴും എനിക്ക് വളരെ സവിശേഷമായിരിക്കും" വില്യംസണ്‍ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. ടീമിനൊപ്പമുള്ള ചില ഓര്‍മച്ചിത്രങ്ങളും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഹൈദരാബാദ് ഇതേവരെ സ്വന്തമാക്കിയ താരങ്ങളില്‍ ഏറ്റവും വിലകൂടിയ കളിക്കാരനാണ് വില്യംസണ്‍. 14 കോടി രൂപ ചിലവഴിച്ചാണ് ഫ്രാഞ്ചൈസി താരത്തെ സ്വന്തമാക്കിയിരുന്നത്. ഹൈദരാബാദിനായി 76 മത്സരങ്ങളില്‍ നിന്നും 126.03 പ്രഹര ശേഷിയില്‍ 2101 റണ്‍സാണ് താരം നേടിയത്. ഡേവിഡ് വാർണര്‍ക്ക് പകരക്കാരനായി 2018ല്‍ ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുത്ത താരം സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്‌തിരുന്നു.