മുംബൈ: ഇന്ത്യൻ താരം കെഎൽ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജൂലൈ 29ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര താരത്തിന് നഷ്‌ടമാകും.
നിലവിൽ ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് രാഹുൽ. അടുത്തിടെ ഹെർണിയ ശസ്‌ത്രക്രിയക്ക് താരം വിധേയനായിരുന്നു. ഇതിന് പിന്നാലെ കായികക്ഷമത വീണ്ടെടുക്കുന്നതിനായാണ് താരം എൻസിഎയിൽ പരിശീലനത്തിനെത്തിയത്.
ശസ്‌ത്രക്രിയക്ക് വിധേയനായതിനെത്തുടർന്ന് രാഹുലിന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായുള്ള പരമ്പരയും നഷ്‌ടമായിരുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 7 വരെയാണ് ടി20 വെസ്റ്റിൻഡീസിന് എതിരായ പരമ്പര നടക്കുക.