ബെംഗളൂരു : ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം വൻമതിൽ എന്നാണ് ചേതേശ്വർ പുജാര അറിയപ്പെടുന്നത്. പുജാരയെ പുറത്താക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് പല മുൻനിര ബോളർമാരും പലതവണ വ്യക്‌തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോൾ പുജാരയുടെ വിക്കറ്റ് നേടുക എന്നത് ഓസ്‌ട്രേലിയൻ ബൗളർമാര്‍ക്ക് വലിയ ആവേശമാണ് നൽകുന്നതെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഓസീസ് പേസർ ജോഷ് ഹേസൽവുഡ്.
'പുജാരയെ പുറത്താക്കുക എന്ന കാര്യം ബോളർമാർക്ക് വലിയ ആവേശം നൽകുന്ന ഒന്നാണ്. കഷ്‌ടപ്പാടുകൾക്കവസാനം അവന്‍റെ വിക്കറ്റ് ലഭിക്കുമ്പോൾ എല്ലാം നേടി എന്ന തോന്നലാണ് ബൗളർമാരിൽ ഉണ്ടാവുക. അതിനർഥം നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്‌തു എന്നതാണ്. അവൻ നേരിടുന്ന അഞ്ചാം പന്തിൽ വിക്കറ്റായാൽ പോലും ആ അനുഭവമാണ് ലഭിക്കുക.' ജോഷ് ഹേസൽവുഡ് പറഞ്ഞു.
'വർഷങ്ങളായി, പ്രത്യേകിച്ച് ഓസ്‌ട്രേലിയൻ താരങ്ങളുമായി വലിയ വഴക്കുകൾ ഉണ്ടായിട്ടുള്ള ഒരാളാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കാർ വെറുക്കാൻ ഇഷ്‌ടപ്പെടുന്ന ഒരാളാണ് പുജാര. അത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാഗമാണ്. പക്ഷേ അവൻ ഒരു മികച്ച കളിക്കാരനാണ്. അവനെ പുറത്താക്കാൻ കഴിഞ്ഞാൻ, എല്ലാം നേടി എന്ന തോന്നലാണ് ഓസ്‌ട്രേലിയൻ ബോളർമാക്ക് ഉണ്ടാവുക' ഹേസൽ വുഡ് കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് ചേതേശ്വർ പുജാര തന്‍റെ 100-ാം ടെസ്റ്റ് കളിച്ചത്. പരമ്പരയിൽ കാര്യമായ പ്രകടനം താരത്തിന് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 102 മത്സരങ്ങളിൽ നിന്ന് 19 സെഞ്ചുറികളും 35 അർധ സെഞ്ച്വറികളും ഉൾപ്പടെ 7154 ടെസ്റ്റ് റൺസാണ് 35-കാരനായ പുജാര ഇതിനകം അടിച്ചുകൂട്ടിയത്.
പരിക്കിൽ വലഞ്ഞ് ആർസിബി: അതേസമയം കഴിഞ്ഞ സീസണ്‍ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പേസ് കുന്തമുനയായിരുന്ന ജോഷ് ഹേസൽവുഡ് ഇത്തവണ പരിക്കിന്‍റെ പിടിയിലാണ്. താരം ഈ സീസണിൽ കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. പരിക്കിനെത്തുടർന്ന് താരത്തിന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളും നഷ്‌ടമായിരുന്നു.
കഴിഞ്ഞ സീസണിൽ ആർസിബിക്കായി 20 വിക്കറ്റുകൾ വീഴ്‌ത്തിയ ഹേസൽവുഡിന്‍റെ അഭാവം ടീമിന് വലിയ തിരിച്ചടികളാകും നൽകുക. കൂടാതെ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ രജത് പടിദാറിന് തുടക്കത്തിലേ മത്സരങ്ങള്‍ നഷ്‌ടമാകുമെന്നതും ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉപ്പൂറ്റിക്ക് പരിക്കേറ്റ താരത്തിന് മൂന്നാഴ്‌ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.
ALSO READ: 'തോറ്റ് മടങ്ങാനില്ല': സ്വപ്‌ന കിരീടം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ് : വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, രജത് പാടീദാർ, അനൂജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോമറോർ, ഫിൻ അലൻ, സുയാഷ് ശർമ, സുയാഷ് പ്രഭുദേസ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിങ്, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ.