ലണ്ടന്‍: പേസര്‍ ജോഫ്ര ആർച്ചറിന്‍റെ ആവർത്തിച്ചുള്ള പരിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ നാസർ ഹുസൈൻ. നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനും ആഷസ് പരമ്പരയ്ക്കും മികച്ച ഫിറ്റ്നസുള്ള ആര്‍ച്ചറെ ടീമിന് ആവശ്യമുണ്ടെന്നും ഹുസൈൻ പറഞ്ഞു.
"ഏതൊരു ക്രിക്കറ്റ് കളിക്കാരനെയും ഇത് വളരെയധികം വിഷമിപ്പിക്കുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന പരിക്ക് അവരെ ആശങ്കപ്പെടുത്തും. പ്രത്യേകിച്ച് ഒരു ബൗളറെ, ഒരു തുടക്കക്കാരനെ. അവന്‍ ഒരു അപൂർവ പ്രതിഭയാണ്. നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനും ആഷസ് പരമ്പരയ്ക്കും മികച്ച ഫിറ്റനസുള്ള ആര്‍ച്ചറെ ഇംഗ്ലണ്ടിന് ആവശ്യമുണ്ട്. ഫിറ്റ്നസ് നില നിര്‍ത്താനാവുന്നിടത്തോളം കാലം മറ്റ് ബൗളർമാർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവന് ചെയ്യാൻ കഴിയും". ഹുസെെന്‍ പറഞ്ഞു.
also read: ആഷസ് പോരാട്ടത്തിന് ഓസിസ്; ആദ്യ ടെസ്റ്റ് ഗാബയില്‍
അതേസമയം വലതു കൈമുട്ടിനേറ്റ പരിക്കിന്‍റെ തീവ്രത മനസിലാക്കാൻ ആർച്ചർ ഈ ആഴ്ച ഒരു കൺസൾട്ടന്‍റിനെ കാണുമെന്ന് ഇംഗ്ലണ്ടിന്‍റെ മുഖ്യ പരിശീലകന്‍ ക്രിസ് സിൽവർവുഡ് പറഞ്ഞു. കഴിഞ്ഞയാഴ്ച ആഭ്യന്തര ചാമ്പ്യൻഷിപ്പിനിറങ്ങിയ താരത്തിന് പരിക്കിനെ തുടര്‍ന്ന് അവസാന മത്സരങ്ങളില്‍ പന്തെറിയാനായിരുന്നില്ല.