ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഫോര്‍മാറ്റില്‍ 10000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിന് കഴിഞ്ഞിരുന്നു. ടെസ്റ്റില്‍ പതിനായിരം ക്ലബില്‍ ഇടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തില്‍ അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോഡിനൊപ്പമെത്താനും റൂട്ടിന് സാധിച്ചു. ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ജോ റൂട്ടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കൂട്ടത്തില്‍ ഓസീസ് മുന്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 'റൂട്ട് നിലവിലെ ഫോം തുടരുകയാണെങ്കില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ മറികടക്കാനാവുമെന്നാണ്' മാർക് ടെയ്‌ലര്‍ പറയുന്നത്.
'ജോ റൂട്ടിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ കരിയര്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സച്ചിന്‍റെ റെക്കോഡ് തകര്‍ക്കുക പ്രയാസമല്ലെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.
കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് റൂട്ട് കടന്നുപോകുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്താനായാല്‍ 15000ത്തിലധികം റണ്‍സ് നേടാന്‍ റൂട്ടിനാകും', മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞു. 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 51 സെഞ്ച്വറികളോടെ 15,921 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം.
നിലവില്‍ 118 മത്സരങ്ങളില്‍ നിന്നും 10,004 റണ്‍സാണ് 35കാരനായ ജോ റൂട്ടിന്‍റെ പേരിലുള്ളത്. അതേസമയം ടെസ്റ്റില്‍ പതിനായിരം ക്ലബ്ബില്‍ അംഗത്വം നേടുന്ന 14-ാമത്തെ ബാറ്ററാണ് ജോ റൂട്ട്. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് ടെസ്റ്റില്‍ ആദ്യമായി പതിനായിരം റണ്‍സ് നേടിയ താരം.
also read: ലോര്‍ഡ്‌സ് മൈതാനം, എതിരാളികൾ കിവീസ്; സ്‌റ്റോക്ക്‌സിന്‍റെ ബാറ്റില്‍ തട്ടി വീണ്ടും ഓവര്‍ത്രോ
തുടര്‍ന്ന് അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ബ്രയാന്‍ ലാറ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, ജാക്ക് കാലിസ്, മഹേല ജയവര്‍ധനെ, ശിവ്‌നരേന്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക്, യൂനിസ് ഖാന്‍ എന്നിവരും എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചു.