ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ട്. ഐസിസി ബുധനാഴ്‌ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കയറി. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനമാണ് റൂട്ടിന് തുണയായത്.
മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം ഫോര്‍മാറ്റില്‍ പതിനായിരം റൺസ് ക്ലബ്ബിലും ഇടം നേടിയിരുന്നു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ലാബുഷെയ്‌നുമായി 10 പോയിന്‍റ് വ്യത്യാസം മാത്രമാണ് റൂട്ടിനുള്ളത്. ഓസീസിന്‍റെ തന്നെ സ്‌റ്റീവ് സ്‌മിത്ത് ഒരു സ്ഥാനം താഴ്‌ന്ന് മൂന്നാമതെത്തിയപ്പോള്‍, പാക് നായകന്‍ ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനവും, വിരാട് കോലി 10ാം സ്ഥാനവും നിലനിര്‍ത്തി. ടെസ്റ്റ് ബൗളര്‍മാരില്‍ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒന്നാമതും ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ രണ്ടാമതും തുടരുകയാണ്.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലാന്‍ഡിന്‍റെ കെയ്‌ല്‍ ജാമിസണ്‍ മൂന്നാം സ്ഥാനത്തെത്തി. ഓരോ സ്ഥാനങ്ങള്‍ താഴ്‌ന്ന ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ നാലാമതും, പാകിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി അഞ്ചാമതുമാണ്.
also read: 'എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസം' ; മിതാലി രാജിന് ആശംസയുമായി തപ്‌സി പന്നു
അതേസമയം ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനാണ് രണ്ടാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്.