ന്യൂഡല്‍ഹി: മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ അഭിനന്ദിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്‍റെ പതാക വാഹകയായ താരത്തിന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാണിെതന്ന് ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
"ഇന്ത്യൻ വനിതാ ക്രിക്കറ്റിന്‍റെ പതാകവാഹകയായ താരം, തന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. അഭിമാനകരമായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായതിന് മിതാലി രാജിന് അഭിനന്ദനങ്ങൾ. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു" ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
മിതാലിയോടൊപ്പം ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ, പാരാ ഷൂട്ടർ അവനി ലേഖര, ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, എന്നിവരുൾപ്പെടെ 11 കായിക താരങ്ങളാണ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നത്. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌ക്കാരം വിതരണം ചെയ്‌തത്.
also read: പി.ആര്‍ ശ്രീജേഷും നീരജ് ചോപ്രയുമടക്കമുള്ള താരങ്ങള്‍ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി
പാരാ ബാഡ്‌മിന്‍റണ്‍ താരം കൃഷ്‌ണ നഗറും പുരസ്‌ക്കാരത്തിന് അര്‍ഹനായിരുന്നുവെങ്കിലും അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തെത്തുടർന്ന് ചടങ്ങിനെത്താനായില്ല. കഴിഞ്ഞ നാല് വര്‍ഷകാലയളവില്‍ കായികരംഗത്ത് അതിശയകരവും മികച്ചതുമായ പ്രകടനം നടത്തിയവരെയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡിന് തെരഞ്ഞെടുത്തിരുന്നത്.