ന്യൂഡല്‍ഹി: ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയുടെ പുതുക്കിയ ഷെഡ്യൂൾ സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര 2024 ജനുവരിയിലേക്കാണ് മാറ്റിവച്ചത്. ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ജയ് ഷാ ഇക്കാര്യം അറിയിച്ചത്. ബിസിസിഐയും അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ജൂണ്‍ ആദ്യത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഓള്‍ ഫോര്‍മാറ്റ് പര്യടനവും വന്നതോടെയാണ് ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര മാറ്റിവയ്‌ക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു.
ബിസിസിഐയുടെ പുതിയ മീഡിയ റൈറ്റ്‌സിന്‍റെ കാര്യത്തില്‍ ഓഗസ്റ്റോടെ തീരുമാനമുണ്ടാവുമെന്നും ജയ് ഷാ അറിയിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്‍റെ ഹോം പരമ്പരകള്‍ക്കുള്ള സംപ്രേഷണാവകാശം ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ എട്ട് മത്സരങ്ങളുടെ പരമ്പരയോടെയാണ് ഇത് ആരംഭിക്കുകയെന്നും ജയ് ഷാ അറിയിച്ചു. ഇന്ത്യയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് മൂന്ന് ഏകദിനങ്ങളും, ലോകകപ്പിന് ശേഷം അഞ്ച് ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്.
ഏഷ്യന്‍ ഗെയിംസിന് ഇന്ത്യയുടെ പുരുഷ, വനിത ക്രിക്കറ്റ് ടീമുകളെ അയക്കാനും ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ വര്‍ഷം സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ഷൗവാണ് ആതിഥേയത്വം വഹിക്കുക. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ രണ്ടാംനിര പുരുഷ ടീമിനേയാവും ബിസിസിഐ ചൈനയിലേക്ക് അയക്കുക. വനിത ടീമില്‍ പ്രധാന താരങ്ങള്‍ അണിനിരക്കും. ഏഷ്യന്‍ ഗെയിംസിന് മുമ്പ് വനിത ടീമിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളുടെ ഒഴിവ് നികത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ 2010, 2014 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. എന്നാല്‍ ഇതാദ്യമായല്ല ഒരേസമയം ബിസിസിഐ രണ്ട് പുരുഷ ടീമുകളെ കളിപ്പിക്കുന്നത്. 1998-ൽ ക്വാലാലംപൂരിൽ അരങ്ങേറിയ കോമൺവെൽത്ത് ഗെയിംസിൽ ഒരു ടീം കളിച്ചപ്പോള്‍ മറ്റൊരു ടീം സഹാറ കപ്പില്‍ പാകിസ്ഥാനെ നേരിട്ടിരുന്നു.
പിന്നീട് 2021-ലും ബിസിസിഐ രണ്ട് ടീമുകളെ കളത്തില്‍ ഇറക്കി. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഒന്നാം നിര ടീം ലണ്ടനിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇറങ്ങിയപ്പോള്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള രണ്ടാം നിരയെ ബിസിസിഐ ശ്രീലങ്കന്‍ പര്യടനത്തിനായും അയച്ചിരുന്നു.
അതേസമയം 2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. 2018-ല്‍ ഇന്തോനേഷ്യയില്‍ നടന്ന അവസാന പതിപ്പില്‍ 69 മെഡലുകള്‍ നേടിക്കൊണ്ട് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയ്‌ക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.