ക്രൈസ്റ്റ് ചർച്ച്: ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ബുംറ ടീമിന് പുറത്താണ്. മുതുകിനേറ്റ പരിക്കായിരുന്നു താരത്തിന് തിരിച്ചടിയായത്.
ഈ പരിക്ക് മാറാന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരിക്കുകയാണ് ജസ്പ്രീത് ബുംറ. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചിലെ ഫോർട്ട് ഓർത്തോപീഡികിസ് ഹോസ്‌പിറ്റലിലാണ് ബുംറയുടെ ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം താരം സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഫോർട്ട് ഓർത്തോപീഡികിസ് ഹോസ്‌പിറ്റലിലെ ഡോക്‌ടർ റോവൻ ഷൗട്ടനാണ് ഇന്ത്യൻ പേസർക്ക് ശസ്ത്രക്രിയ നടത്തിയത്. ക്രിക്കറ്റ് കളിക്കാർക്കിടയിൽ അറിയപ്പെടുന്ന പേരാണ് ഷൗട്ടന്‍റേത്. ജെയിംസ് പാറ്റിൻസൻ, ജേസണ്‍ ബെഹ്‌റന്‍ഡോഫ്, ജോഫ്ര ആർച്ചർ, ഷെയ്ൻ ബോണ്ട് തുടങ്ങിയ താരങ്ങള്‍ നേരത്തെ ഷൗട്ടന്‍റെ ചികിത്സയ്‌ക്ക് വിധേയരായിട്ടുണ്ട്. ന്യൂസിലന്‍ഡിന്‍റെ മുന്‍ താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ് പരിശീലകനുമായ ഷെയ്ൻ ബോണ്ടാണ് റോവൻ ഷൗട്ടന്‍റെ പേര് ബിസിസിഐയോട് നിർദേശിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
കുറഞ്ഞ് ആറ് മാസമെങ്കിലും 29കാരനായ ബുംറയ്‌ക്ക് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ ഈ മാസം അവസാനത്തില്‍ ആരംഭിക്കുന്ന ഐപിഎല്ലും തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിലും കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ താരത്തിന് കളിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐയുടെ കണക്ക് കൂട്ടല്‍.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. നൂറ് ശതമാനവും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ തന്‍റെ പേരുചേര്‍ക്കാന്‍ ബുംറയ്‌ക്ക് കഴിയൂ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് ബുംറ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്.
തുടര്‍ന്ന് നടന്ന ഏഷ്യ കപ്പും ടി20 ലോകകപ്പും ഉള്‍പ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകള്‍ താരത്തിന് നഷ്‌ടമായിരുന്നു. ജനുവരിയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്കില്‍ നിന്നും മുക്തനാവാതിരുന്നതോടെ ഒഴിവാക്കുകയായിരുന്നു.
ജസ്പ്രീത് ബുംറയുടെ പരിക്കിന്‍റെ നാള്‍ വഴികള്‍
2022 ജൂലൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം നടുവേദന അനുഭവപ്പെട്ട ബുംറയ്‌ക്ക് മൂന്നാം ഏകദിനം നഷ്‌ടമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2019ൽ ഉണ്ടായ പരിക്കിന്‍റെ തുടര്‍ച്ചയാണിതെന്ന് കണ്ടെത്തുകയായിരുന്നു.
2022 ഓഗസ്റ്റ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നഷ്‌ടമായ ബുംറ മുതുകിലെ പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് എൻസിഎയിലേക്ക് മടങ്ങി. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ യുഎഇയില്‍ നടന്ന ഏഷ്യ കപ്പ് നഷ്‌ടമായി.
2022 സെപ്‌റ്റംബർ: രണ്ടര മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു താരത്തിന്‍റെ മടങ്ങിവരവ്.
എന്നാല്‍ രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം പരിക്ക് വഷളായതിനെ തുടര്‍ന്ന് താരത്ത ടീമില്‍ നിന്നും പിന്‍വലിച്ചു. രണ്ട് ടി20കളിലായി വെറും ആറ് ഓവർ മാത്രമായിരുന്നു ബുംറ എറിഞ്ഞത്.
2022 ഒക്ടോബർ: ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിൽ നിന്ന് ബുംറ പൂർണമായും പുറത്തായി.
2022 നവംബർ: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്നും ബുംറ പുറത്ത്.
2022 ഡിസംബർ: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ബുംറ പുറത്ത്.
2023 ജനുവരി: ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ സെലക്‌ടര്‍മാര്‍ ബുംറയെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എൻസിഎയിലെ പരിശീലനത്തിനിടെ നടുവേദനയെക്കുറിച്ച് താരം പരാതിപ്പെട്ടതോടെ ടീമില്‍ നിന്നും പിൻവലിച്ചു.
2023 ഫെബ്രുവരി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നഷ്‌ടമായ ബുംറയ്‌ക്ക് തുടര്‍ന്ന് നടക്കുന്ന ഏകദിന പരമ്പരയിലും കളിക്കാന്‍ കഴിയില്ല.