ലണ്ടൻ : ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന് നായകൻ രോഹിത് ശർമയുടെ കൊവിഡ് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ശനിയാഴ്‌ച നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ താരത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ ഒന്നിന് മത്സരം ആരംഭിക്കാനിരിക്കെ കൊവിഡിൽ നിന്ന് മുക്‌തനായില്ലെങ്കിൽ രോഹിത്തിന് മത്സരം നഷ്‌ടമാകും.
വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ പരിക്കിന്‍റെ പിടിയിലായതിനാൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ നിർണായക മത്സരത്തിൽ ഇന്ത്യൻ ടീമിനെ ആര് നയിക്കും എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയർന്നുവരുന്നത്. വിരാട് കോലിയെ വീണ്ടും നായകനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വളരെ വിദൂരമാണ്.
അതിനാൽ തന്നെ രോഹിത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിൽ പേസർ ജസ്‌പ്രീത് ബുംറയാകും ഇന്ത്യൻ ടീമിനെ നയിക്കുക. മറ്റ് താരങ്ങളെ അപേക്ഷിച്ച് ബുംറയ്ക്ക് തന്നെയാണ് ഏറ്റവും സാധ്യത. അങ്ങനെ വന്നാൽ ഒരു അപൂർവ റെക്കോഡിനും അവസാന മത്സരം സാക്ഷ്യം വഹിക്കും. 35 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബോളർ എന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്.
ഇതിന് മുൻപ് കപിൽ ദേവാണ് ഇന്ത്യയെ ടെസ്റ്റിൽ അവസാനമായി നയിച്ച ഫാസ്റ്റ് ബോളർ. 1987ൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് കപിൽ ദേവ് അവസാനമായി ഇന്ത്യൻ ടീമിനെ നയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്ന് ടി20 പരമ്പരകളുടെ മത്സരത്തിലാണ് ബുംറ ആദ്യമായി ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തേക്കെത്തുന്നത്. പിന്നാലെ മാർച്ചിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ബുംറ വൈസ് ക്യാപ്‌റ്റനായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. അവശേഷിക്കുന്ന ടെസ്‌റ്റിന് പുറമെ മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാനാവും.