ബെംഗളൂരു : സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ മടങ്ങിവരവിനായാണ് ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും കാത്തിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഏറെ കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് 29-കാരനായ ബുംറ. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിലുള്ള താരം ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തതായാണ് വിവരം.
ജസ്‌പ്രീത് ബുംറ (Japrit Bumrah ) നെറ്റ്‌സില്‍ പന്തെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന സെഷനിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ താൻ തയ്യാറാണെന്ന പ്രഖ്യാപനം ജസ്‌പ്രീത് ബുംറ നടത്തിയിരിക്കുന്നത്.
'അയാം കമിംഗ് ഹോം' എന്ന പ്രശസ്‌ത ഇംഗ്ലീഷ് ഗാനം പശ്ചാത്തലത്തില്‍ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രസ്‌തുത വീഡിയോ തയ്യാറാക്കിയത്. ഇതോടെ വെറ്ററൻ പേസർ അയർലൻഡ് പര്യടനത്തിലൂടെ തന്നെ വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ ഉറപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ ഓഗസ്റ്റിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയർലൻഡില്‍ പര്യടനം നടത്തുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഓഗസ്റ്റ് 18-നാണ് ആദ്യ ടി20. തുടര്‍ന്ന് 20, 23 തിയതികളില്‍ മറ്റ് മത്സരങ്ങള്‍ നടക്കും. ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയാണ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പരമ്പര വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്ന് നടക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും താരം ഇന്ത്യയ്‌ക്കായി കളിക്കും. നിലവില്‍ എട്ട് മുതല്‍ പത്തോവര്‍ വരെ ജസ്‌പ്രീത് ബുംറ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് താരത്തിന്‍റെ പരിശീലനം പുരോഗമിക്കുന്നത്.
അതേസമയം, 2022 സെപ്‌റ്റംബറിലാണ് ജസ്‌പ്രീത് ബുംറ അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം നടുവേദന അനുഭവപ്പെട്ടതായി അറിയിച്ച ബുംറ മൂന്നാം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. വിദഗ്‌ധ പരിശോധനയില്‍ 2019-ൽ ഉണ്ടായ പരിക്കിന്‍റെ തുടര്‍ച്ചയാണ് നടുവേദനയെന്ന് കണ്ടെത്തി.
തുടര്‍ന്ന് ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് രണ്ടര മാസത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്‌റ്റംബറില്‍ ഓസീസിനെതിരായ പരമ്പരയിലൂടെ ബിസിസിഐ ടീമിലേക്ക് മടക്കിയെത്തിച്ചിരുന്നു. എന്നാല്‍ പരിക്ക് വഷളായതോടെ ടീമില്‍ നിന്നും പുറത്താവുകയും ചെയ്‌തു. ഇതോടെ ആ വര്‍ഷം അരങ്ങേറിയ ഏഷ്യ കപ്പും ടി20 ലോകകപ്പും ബുംറയ്‌ക്ക് പൂര്‍ണമായും നഷ്‌ടമായിരുന്നു.
-
Some good news💙 Bumrah getting ready. 🥹🥹 This is so pleasing. #WIvIND #TeamIndia #CricketTwitter pic.twitter.com/Hjv0GLS71E
— Abhi Panchal (@iamabhi1909) July 10, 2023 " class="align-text-top noRightClick twitterSection" data="
">Some good news💙 Bumrah getting ready. 🥹🥹 This is so pleasing. #WIvIND #TeamIndia #CricketTwitter pic.twitter.com/Hjv0GLS71E
— Abhi Panchal (@iamabhi1909) July 10, 2023Some good news💙 Bumrah getting ready. 🥹🥹 This is so pleasing. #WIvIND #TeamIndia #CricketTwitter pic.twitter.com/Hjv0GLS71E
— Abhi Panchal (@iamabhi1909) July 10, 2023
പിന്നീട് ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ താരത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനിടെ നടുവേദനയെക്കുറിച്ച് വീണ്ടും പരാതിപ്പെട്ടതോടെ ടീമില്‍ നിന്ന് പിൻവലിച്ചു. തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ വച്ച് നടന്ന ശസ്‌ത്രക്രിയക്ക് ശേഷമാണ് ബുംറ തിരിച്ചുവരവിന് ഒരുങ്ങുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉള്‍പ്പടെ ബുംറയുടെ അഭാവം ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയായിരുന്നു.