മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഒരു പോലെ തിളങ്ങിയ ജഡേജയെത്തേടി മറ്റൊരു നേട്ടം കൂടി. ഒരു ടെസ്റ്റിൽ 150ൽ അധികം റണ്‍സും അഞ്ച് വിക്കറ്റും നേടുന്ന ആറാമത്തെ ക്രിക്കറ്റ് താരം എന്ന നേട്ടമാണ് ജഡേജയെത്തേടിയെത്തിയത്. വിനു മങ്കാട്, ഡെനിസ് അറ്റ്കിൻസൻ, പോളി ഉമ്രിഗർ, ഗാരി സോബേഴ്‌സ്, മുഷ്‌താഖ് മുഹമ്മദ് എന്നിവരാണ് ജഡേജയ്‌ക്ക് മുൻപ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.
ആദ്യ ടെസ്റ്റിൽ ടേസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 175 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് 574 റണ്‍സ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയത്. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകൾ ജഡേജ പിഴുതിരുന്നു. ഇതോടെയാണ് ഈ അപൂർവനേട്ടം ഇന്ത്യൻ താരത്തെ തേടിയെത്തിയത്.
നേരത്തെ ഏഴാം നമ്പരിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡ് ജഡേജ തന്‍റെ പേരിൽ കുറിച്ചിരുന്നു. കപിൽ ദേവിന്‍റെ 36 വർഷം പഴക്കമുള്ള റെക്കോഡാണ് ജഡേജ തിരുത്തിക്കുറിച്ചത്. 1986 ല്‍ കാൺപൂരിൽ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴാമനായി ക്രീസിലെത്തി നേടിയത് 163 റണ്‍സായിരുന്നു.
ALSO READ: മൊഹാലിയില്‍ 'സർ ജഡേജ' ഷോ; ഒന്നാം ഇന്നിംഗ്‌സില്‍ ലങ്ക 174ന് പുറത്ത്, ഫോളോഓൺ ചെയ്യുന്നു
ഏഴാം നമ്പറില്‍ ബാറ്റ് ചെയ്‌ത് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡ് കൂടി ജഡേജ ഇതിനോടൊപ്പം സ്വന്തമാക്കി. ഇതിനുമുന്‍പ് കപില്‍ ദേവ്, ഋഷഭ് പന്ത് എന്നീ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 159 റണ്‍സാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്.