ചറ്റോഗ്രാം: 126 പന്തുകൾ, 23 ഫോർ, ഒൻപത് സിക്‌സ്...200 റൺസ്... ഈ കണക്കുകൾ ഒരു ഇന്ത്യൻ താരം ഏകദിനത്തില്‍ ഒരു മത്സരത്തില്‍ നേടിയ റൺസിന്‍റേതാണ്... പേര് ഇഷാൻ കിഷൻ...
ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിലെ ചാറ്റോഗ്രമിലാണ് ഈ തകർപ്പൻ ഇന്നിംഗ്‌സ്. കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി ആഘോഷമായാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയാണ് 126 പന്തുകളില്‍ ഇഷാൻ സ്വന്തമാക്കിയത്. അതിനൊപ്പം ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറി നേട്ടവും ഇഷാൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി.
131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കം 210 റൺസ് നേടി ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യ 35.5 ഓവറില്‍ 305 റൺസ് നേടിയിരുന്നു. വിരാട് കോലിയാണ് താരത്തിനൊപ്പം ക്രീസിലുണ്ടായിരുന്നത്. നേരത്തെ സച്ചിൻ ടെൻഡുല്‍ക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവർ മാത്രമാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങൾ.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ മാത്രം കളിക്കാൻ അവസരം ലഭിച്ച ഇഷാൻ അത് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഇതിനു മുൻപ് ഒൻപത് മത്സരങ്ങൾ മാത്രം കളിച്ച ഇഷാൻ കിഷന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ 93 റൺസായിരുന്നു.